തിരുവനന്തപുരം: കെ.ജി. ജോര്‍ജിന്റെ മരണവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തെറ്റായി പ്രതികരിച്ചത് ചോദ്യം മനസിലാകാഞ്ഞിട്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവര്‍ത്തകര്‍ തന്നോട് കൃത്യമായി പറഞ്ഞില്ലെന്നും, അവരോട് അത് ചോദിച്ചറിയാതിരുന്നത് തന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചയായി അംഗീകരിക്കുന്നുവെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സുധാകരന് പറഞ്ഞു.
‘ഇന്ന് രാവിലെ മരണപ്പെട്ടതിനെ പറ്റി ചോദിച്ചപ്പോള്‍ അനുചിതമായ ഒരു പ്രസ്താവന എന്റെ ഭാഗത്തുനിന്നുണ്ടായി. മലയാളത്തിന്റെ അഭിമാനമായ സിനിമാപ്രവര്ത്തകന് കെ.ജി. ജോര്‍ജാണ് നമ്മളോട് വിട പറഞ്ഞതെന്ന് ചോദ്യത്തില്‍ നിന്ന് എനിക്ക് മനസ്സിലായിരുന്നില്ല.
സമാനപേരിലുള്ള എന്റെ പഴയകാല സഹപ്രവര്‍ത്തകനാണ് മനസില്‍ വന്നത്. ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവര്‍ത്തകര്‍ എന്നോട് കൃത്യമായി പറഞ്ഞില്ല. അവരോട് അത് ചോദിച്ചറിയാതിരുന്നത് എന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചയായി അംഗീകരിക്കുന്നു.
പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പാലിക്കേണ്ട ജാഗ്രത ഇക്കാര്യത്തില്‍ ഉണ്ടായില്ല. വീഴ്ചകളില്‍ ന്യായീകരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്കാരമല്ല. അതുകൊണ്ടുതന്നെ എന്റെ പ്രതികരണത്തിലെ അനൗചിത്യത്തില്‍ എന്റെ പാര്‍ട്ടിയുടെ പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ക്കും കെ.ജി. ജോര്‍ജിനെ സ്നേഹിക്കുന്നവര്‍ക്കും ഉണ്ടായ മനോവിഷമത്തില്‍ ഞാന്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു. എണ്ണം പറഞ്ഞ കലാസൃഷ്ടികള്‍ കൊണ്ട് മലയാള സിനിമാ ചരിത്രത്തില്‍ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച കെ.ജി. ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു,’ കെ. സുധാകരന് പറഞ്ഞു.
സംവിധായകന് കെ.ജി. ജോര്‍ജിന്റെ നിര്യാണത്തില്‍ കെ. സുധാകരന് മാധ്യമങ്ങളോട് നടത്തിയ പ്രതികരണം വൈറലായിരുന്നു. കെ.ജി. ജോര്‍ജിന്റെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘നല്ലൊരു പൊതുപ്രവര്ത്തകന് ആയിരുന്നു. നല്ല രാഷ്ട്രീയ നേതാവ് ആയിരുന്നു. കഴിവും പ്രാപ്തിയും ഉള്ളയാളാണ്. അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കാന്‍ ഒരുപാടുണ്ട്. അദ്ദേഹത്തെക്കുറിച്ച് ഞങ്ങള്‍ക്കൊന്നും മോശം അഭിപ്രായമില്ല. സഹതാപമുണ്ട്,’ എന്നായിരുന്നു സുധാകരന്റെ മറുപടി.
Content Highlight: K Sudhakaran’s Explanation on Wrong response about K. G. George’s death