| Saturday, 24th February 2024, 6:27 pm

'ഇത് ചുരുളി യുഗമാ, കലിയുഗത്തിന്റെ അപഭ്രംശം'; കെ. സുധാകരന്റെ $%#@& വിളിയില്‍ സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കോണ്‍ഗ്രസിന്റെ സമരാഗ്‌നി യാത്രയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പ്രകോപിതനായ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ നടത്തിയ തെറിവിളി ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ.

വാര്‍ത്താ സമ്മേളനത്തില്‍ എത്താന്‍ വൈകിയ വി.ഡി. സതീശനെതിരെ അസഭ്യ വാക്കുകള്‍ പറഞ്ഞുകൊണ്ട് അതൃപ്തി പ്രകടിപ്പിച്ച കെ. സുധാകരന്റെ നീക്കത്തെ സമൂഹ മാധ്യമങ്ങള്‍ പരിഹസിക്കുകയും സമാനമായ രീതിയില്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

തങ്ങളുടെത് ജനാധിപത്യ പാര്‍ട്ടിയാണ്, തങ്ങള്‍ക്കുള്ളിലെ അഭിപ്രായസ്വാതന്ത്ര്യം ബാക്കിയുള്ളവര്‍ക്ക് മനസിലാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. പത്ര സമ്മേളനത്തില്‍ ഇങ്ങനെ ആണെങ്കില്‍ കെ.പി.സി.സി മീറ്റിങ് എങ്ങനെ ആയിരിക്കുമെന്നും ചോദ്യം ഉയരുന്നുണ്ട്.

കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണത്തെ ഇത് ഭ്രമയുഗത്തിലെ ചുരുളിയാണെന്ന് പരിഹസിച്ച് സമൂഹ മാധ്യമങ്ങള്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. ഇത് ചുരുളി യുഗമാ, കലിയുഗത്തിന്റെ അപഭ്രംശം എന്നും സുധാകരന്റെ പ്രകോപനത്തെ കുറിച്ച് സമൂഹ മാധ്യമം പറയുന്നു.

വി.ഡി. സതീശനെതിരെയുള്ള സുധാകരന്റെ പ്രതികരണത്തെ മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യവുമായി സോഷ്യല്‍ മീഡിയ കൂട്ടിക്കെട്ടിയിട്ടുണ്ട്. ഈ അവസരത്തില്‍ സീറ്റ് ചോദിക്കാന്‍ നില്‍ക്കുന്ന സാദിഖലി ശിഹാബ് തങ്ങളുടെ അവസ്ഥ പരിതാപകരമായിരിക്കുമെന്നും വിമര്‍ശകര്‍ പറയുന്നു.

ഉള്ള രണ്ടു സീറ്റ് വേണമെങ്കില്‍ അങ്ങോട്ട് തരാം, വാ തുറക്കാതെ ഇരുന്നാല്‍ മതി എന്ന് അദ്ദേഹം പറയാന്‍ സാധ്യതയുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നു. മലയാള സിനിമകളിലെ ഏതാനും സീനുകളെ മൂന്നാം സീറ്റ് ചോദിക്കാന്‍ കെ. സുധാകരന്റെ അടുത്തേക്ക് പുറപ്പെട്ട തങ്ങളോട് ഉപമിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്.

കെ. സുധാകരന്‍ വി.ഡി. സതീശനെതിരെ പ്രകോപിതനായ സമയം, മൈക്ക് ഓണ്‍ ആണ് എന്ന് മൈക്കില്‍ കൂടെ തന്നെ പറയുന്ന ഷാനിമോള്‍ സൂപ്പര്‍ ആണെന്നും സോഷ്യല്‍ മീഡിയ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ സ്‌നേഹത്തോടെ പരസ്പരം മോര്, തൈര്, പാല്‍, നെയ്യ് എന്നൊക്കെയാണ് വിളിക്കുകയെന്നും ഈ വിളി സ്‌നേഹക്കൂടുതലിനെ സൂചിപ്പിക്കുന്നുവെന്നും വിമര്‍ശകര്‍ പറയുന്നു.

Content Highlight: K. Sudhakaran’s abuse  was discussed on social media

We use cookies to give you the best possible experience. Learn more