| Sunday, 25th February 2024, 2:14 pm

ലീ​ഗിന് മൂന്നാം സീറ്റില്ലെന്ന് സുധാകരൻ; രാജ്യസഭാ സീറ്റ് നൽകാമെന്ന വാ​ഗ്ദാനമാണ് നൽകിയതെന്ന് വെളിപ്പെടുത്തൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലുവ: മുസ്‌ലിം ലീഗിന് രാജ്യസഭാ സീറ്റ് നല്‍കാമെന്ന ഉപാധിയാണ് ചര്‍ച്ചയില്‍ കോണ്‍ഗ്രസ് മുന്നോട്ട് വെച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ലീഗിന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസുമായി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടന്നിരുന്നു.

എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോ കുഞ്ഞാലി കുട്ടിയോ തീരുമാനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താന്‍ തയാറായിരുന്നില്ല. എന്നാല്‍ രാജ്യസഭാ സീറ്റ് നല്‍കാമെന്ന ഉപാധിയാണ് ചര്‍ച്ചയില്‍ കോണ്‍ഗ്രസ് മുന്നോട്ട് വെച്ചതെന്നും ഇതിനായി എ.ഐ.സി.സിയുടെ അനുമതി തേടുമെന്നും സുധാകരന്‍ പറഞ്ഞു. സാദിഖലി തങ്ങളുമായി ചര്‍ച്ച നടത്തിയതിന് ശേഷം തീരുമാനം അറിയിക്കാമെന്ന് ലീഗ് അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ച തൃപ്തികരമാണെന്നും 27ന് സാദിഖലി തങ്ങളുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനം അന്ന് അറിയിക്കാമെന്നുമാണ് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. എന്നാല്‍ മൂന്നാം സീറ്റ് ലഭിച്ചോ ഇല്ലയോ എന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറയാന്‍ സതീശനും കുഞ്ഞാലി കുട്ടിയും തയാറായിരുന്നില്ല.

27ന് നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ തീരുമാനം എടുക്കാന്‍ സാധിക്കുള്ളൂ എന്നും അതുവരെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് എം.എം. ഹസന്‍, കെ. സുധാകരന്‍, വി.ഡി. സതീശന്‍ എന്നിവരും ലീഗിനെ പ്രതിനിധീകരിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.എം.എ. സലാം എന്നിവരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

മലപ്പുറം, പൊന്നാനി മണ്ഡലങ്ങള്‍ക്ക് പുറമേ മറ്റൊരു മണ്ഡലം കൂടി വേണമെന്നാണ് ലീഗിന്റെ ആവശ്യം. കൂടാതെ നേരത്തെ വിട്ടുനല്‍കിയ രാജ്യസഭാ സീറ്റ് കൂടി വേണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

ലീഗിന് മൂന്നാം സീറ്റ് നല്‍കേണ്ട എന്ന കോണ്‍ഗ്രസ് തീരുമാനിച്ച കാര്യം നേരത്തെ ചോര്‍ന്നിരുന്നു. തുടര്‍ന്ന് ലീഗ് നിലപാട് കടുപ്പിക്കുകയും മൂന്നാം സീറ്റ് ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനകള്‍ നല്‍കുകയും ചെയ്തിരുന്നു.

Contant Highlight: k Sudhakaran revealed Rajya Sabha seat promised for muslim League

We use cookies to give you the best possible experience. Learn more