കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന് കാരണം സുധാകരന്‍; 22 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബലിയാടാക്കി; ഉയര്‍ച്ചക്ക് ക്രിമിനല്‍ രാഷ്ട്രീയം ചവിട്ടുപടിയാക്കിയെന്നും പ്രശാന്ത് ബാബു
കണ്ണൂര്‍: കണ്ണൂരില്‍ അക്രമ രാഷ്ട്രീയത്തിന് കാരണം കെ. സുധാകരനായിരുന്നെന്ന് സുധാകരന്റെ ഡ്രൈവറും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രശാന്ത് ബാബു. ക്രിമിനല്‍ രാഷ്ട്രീയം തന്റെ ഉയര്‍ച്ചക്കായി കെ. സുധാകരന്‍ ഉപയോഗിച്ചെന്നും പ്രശാന്ത് ബാബു പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ടി.വിയിലെ ചര്‍ച്ചയിലായിരുന്നു പ്രശാന്തിന്റെ തുറന്നുപറച്ചില്‍. സുധാകരന് വന്നതുമൂലമാണ് കണ്ണൂരില്‍ അക്രമരാഷ്ട്രീയം ഉണ്ടായത്. ക്രിമിനല്‍ രാഷ്ട്രീയം തന്റെ ഉയര്‍ച്ചക്കായി ചവിട്ടുപടിയാക്കി കയറാന്‍ ഉപയോഗിക്കുകയായിരുന്നു സുധാകരന്‍ എന്നും പ്രശാന്ത് ബാബു പറഞ്ഞു.
22 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബലിയാടാക്കിയത് ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളുവെന്നും അത് കെ. സുധാകരന്‍ ആണെന്നും പ്രശാന്ത് ബാബു പറഞ്ഞു.
പിണറായി വിജയനെയോ ഇ.പി. ജയരാജനെയോ വധിക്കണമെന്ന് കെ. സുധാകരനടക്കമുള്ളവര്‍ തീരുമാനിച്ചിരുന്നെന്നും പ്രശാന്ത് ബാബു പറഞ്ഞിരുന്നു. തന്നെപ്പോലെയുള്ള യുവാക്കളെയാണ് അന്ന് കെ. സുധാകരന്‍ സ്വാധീനിച്ചതെന്നുമായിരുന്നു പ്രശാന്തിന്റെ വെളിപ്പെടുത്തല്‍.
ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ താന്‍ പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയിരുന്നെന്ന് കെ. സുധാകരന്റെ പ്രസ്താവനയ്ക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ചാനല്‍ ചര്‍ച്ചയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പ്രശാന്ത് ബാബു നടത്തിയത്. തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ കെ. സുധാകരന്‍ പദ്ധതിയിട്ടിരുന്നതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത് അദ്ദേഹത്തിന്റെ സ്വപ്‌നമാണെന്നും പറഞ്ഞത് വെറും പൊങ്ങച്ചം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബ്രണ്ണന്‍ കോളേജിലെ പഠനക്കാലത്ത് താന്‍ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എ.കെ. ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞത്.