| Monday, 24th January 2022, 8:15 pm

വി.എസ് അപഹാസ്യനായി, വിധി സി.പി.ഐ.എമ്മിനേറ്റ പ്രഹരം;കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കെതിരായ പ്രതികരണത്തില്‍ വി.എസ് അച്യുതാനന്ദന് പിഴ ലഭിച്ചതില്‍ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. സി.പി.ഐ.എമ്മിന്റെ എറ്റവും വലിയ ആയുധമായി ആ പ്രസ്ഥാനത്തെ നിലനിര്‍ത്തുന്നത് നുണകളാണെന്ന് സുധാകരന്‍ പറഞ്ഞു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ പ്രതികരണത്തില്‍ വി.എസിന് തിരുവനന്തപുരം സബ്‌കോടതി 10,10,000 രുപയാണ് പിഴ വിധിച്ചത്. ഇതിനോട് ഫേസ്ബുക്കിലൂടെയായിരുന്നു സുധാകരന്റെ പ്രതികരണം.

‘അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ച വി.എസ്. അച്യുതാനന്ദന്‍ അപഹാസ്യനായിരിക്കുന്നു. ഈ വിധി വി.എസിന് മാത്രമല്ല, നുണക്കഥകള്‍ കൊണ്ട് എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സി.പി.ഐ.എമ്മിന് ഒന്നടങ്കം മുഖത്തേറ്റ പ്രഹരമാണ്.

വ്യാജ ആരോപണങ്ങളില്‍ പതറാതെ നിന്ന് നിയമ പോരാട്ടം നടത്തി വിജയിച്ച പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിയ്ക്ക് അഭിവാദ്യങ്ങള്‍’ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി അഴിമതി നടത്തിയെന്ന വി.എസിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചത്.

സോളാര്‍ കേസ് സജീവമായിരുന്ന 2013ലായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെ വി.എസ്. പ്രസ്താവന നടത്തിയത്. അന്ന് ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചത്.

വി.എസ്സിനെതിരെ 2014 ലാണ് ഉമ്മന്‍ ചാണ്ടി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച വക്കീല്‍ നോട്ടീസില്‍ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കേസ് കോടതിയില്‍ ഫയല്‍ ചെയ്തപ്പോള്‍ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

നഷ്ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വി.എസ്. അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടിക്ക് നല്‍കണം. എന്നാല്‍ കേസില്‍ സബ് കോടതി വിധിക്കെതിരെ ജില്ലാ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നും നിയമപോരാട്ടം തുടരുമെന്നും വി.എസ്സിന്റെ അഭിഭാഷകന്‍ അറിയിച്ചു.

‘നുണ ഒരു ആയുധമാണ്’. സി.പി.ഐ.എമ്മിന്റെ എറ്റവും വലിയ ആയുധമായി ആ പ്രസ്ഥാനത്തെ നിലനിര്‍ത്തുന്നതും നുണകള്‍ തന്നെയാണ്. അത്തരത്തില്‍ ഒരു വലിയ നുണ കോടതി പൊളിച്ചിരിക്കുന്നു. പ്രിയ സഹപ്രവര്‍ത്തകന്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ സോളാറില്‍ വ്യാജ അഴിമതി ആരോപണം ഉന്നയിച്ച വി.എസ്സില്‍ നിന്ന് 10,10,000 രൂപയും 6 ശതമാനം പലിശയും നഷ്ടപരിഹാരം ഈടാക്കാന്‍ വിധി വന്നിരിക്കുന്നു.

അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ച വി.എസ്. അച്യുതാനന്ദന്‍ അപഹാസ്യനായിരിക്കുന്നു. ഈ വിധി വി.എസ്സിന് മാത്രമല്ല, നുണക്കഥകള്‍ കൊണ്ട് എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സി.പി.ഐ.എമ്മിന് ഒന്നടങ്കം മുഖത്തേറ്റ പ്രഹരമാണ്. വ്യാജ ആരോപണങ്ങളില്‍ പതറാതെ നിന്ന് നിയമ പോരാട്ടം നടത്തി വിജയിച്ച പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിയ്ക്ക് അഭിവാദ്യങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: k. sudhakaran response on the judgement against vs achudanandan

We use cookies to give you the best possible experience. Learn more