തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ എം.പി മത്സരിക്കുന്നത് സംബന്ധിച്ച ചോദ്യത്തില്‍ പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ശശി തരൂര്‍ മത്സരിക്കാന്‍ യോഗ്യനാണെന്നും, തരൂരിന് ആഗ്രഹമുണ്ടെങ്കില്‍ മത്സരിക്കട്ടെയെന്നും സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് ശശി തരൂര്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നതില്‍ എന്തിനാണ് അത്ഭുതപ്പെടുന്നത്? പ്രസിഡന്റായി മത്സരിക്കാന്‍ ശശി തരൂര്‍ യോഗ്യനാണ്.
കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. അദ്ദേഹത്തിന് മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മത്സരിക്കട്ടെ. എനിക്ക് മത്സരിക്കണമെങ്കില്‍ മത്സരിക്കാം. പാര്‍ട്ടി അത് തള്ളില്ല, പ്രോത്സാഹിപ്പിക്കുകയേ ഉള്ളൂ.
എനിക്ക് വോട്ട് കിട്ടിയാല്‍ ഞാന്‍ ജയിക്കും. കൂടുതല്‍ വോട്ടുകിട്ടുന്നവര്‍ വിജയിക്കും. ജനാധിപത്യ പ്രക്രിയയിലൂടെ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തും,’ കെ. സുധാകരന്‍ പറഞ്ഞു.
ലോകായുക്തയുടെ കാതല്‍ അരിഞ്ഞുവീഴ്ത്തുന്ന ബില്ലാണ് കഴിഞ്ഞ ദിവസം സഭയില്‍ അവതരിപ്പിച്ചതെന്നും ഒരു കാരണവശാലും ആ ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കരുതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഒക്ടോബര്‍ 17നാണ് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനിടയിലാണ് ജി 23 സംഘത്തിന്റെ പ്രതിനിധിയായി ശശി തരൂര്‍ മത്സരിച്ചേക്കുമെന്ന സൂചന നിലനില്‍ക്കുന്നത്.
ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മത്സരത്തിനുണ്ടാകില്ലെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. അധ്യക്ഷപദത്തിലേക്ക് രാഹുലോ സോണിയയോ പ്രിയങ്ക ഗാന്ധിയോ നാമനിര്‍ദേശ പത്രിക നല്‍കില്ലെന്നാണ് എ.ഐ.സി.സി വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.
CONTENT HIGHLIGHTS: K .Sudhakaran Responding to the question about Shashi Tharoor MP contesting for the post of Congress president