| Monday, 19th September 2022, 10:35 pm

മോദിയുടെ പേര് പറയാന്‍ പോലും മുട്ടിടിക്കുന്ന പിണറായി ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനെ പഠിപ്പിക്കേണ്ട: കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനത്ത് എത്ര ദിവസം ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണെന്ന് സുധാകരന്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ. സുധാകരന്റെ പ്രതികരണം.

‘കേരളത്തിലാരും ബി.ജെ.പിക്കെതിരെ പ്രവര്‍ത്തിക്കരുതെന്നാണ് പിണറായി പരോക്ഷമായി പറയുന്നത്. സംഘപരിവാറിനെതിരെ കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് ഒരു യാത്ര നടക്കുമ്പോള്‍ ബി.ജെ.പിയുടെ ഏറാന്‍ മൂളിയായ കേരള മുഖ്യമന്ത്രിക്ക് അസ്വസ്ഥതയുണ്ടാകും. ഇന്ത്യയില്‍ ബി.ജെ.പിയെ വളര്‍ത്താന്‍ വെള്ളവും വളവുമേകിയ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ പിന്‍മുറക്കാരില്‍ നിന്ന് ഞങ്ങള്‍ ബി.ജെ.പി വിരുദ്ധത തെല്ലും പ്രതീക്ഷിക്കുന്നില്ല.

നരേന്ദ്രമോദിയുടെ പേര് പറയാന്‍ പോലും മുട്ടിടിക്കുന്ന പിണറായി വിജയന്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനെ പഠിപ്പിക്കേണ്ട. കേരളത്തില്‍ ബി.ജെ.പിയുടെ നാവായി സി.പി.ഐ.എം പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയ കേരളത്തിന് ഒന്നടങ്കം നാണക്കേടാണ്.
‘ഭാരത് ജോഡോ യാത്ര’ ഇന്ത്യയുടെ ഹൃദയത്തിലൂടെയാണ് കടന്നുപോകുന്നത്. പിണറായി വിജയനെ ഉപയോഗിച്ച് ബി.ജെ.പി ഭരിക്കുന്ന കേരളത്തിലൂടെ മാത്രമല്ല, സംഘപരിവാറിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം തന്നെ കോണ്‍ഗ്രസ് കടന്നുചെന്നിരിക്കും, അതിനെതിരെ പിണറായി വിജയന്‍ എത്ര വിലപിച്ചാലും!,’ കെ. സുധാകരന്‍ പറഞ്ഞു.

അതേസമയം, ഭാരത് ജോഡോ യാത്രയെ കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ബാഗേപള്ളിയില്‍ നടന്ന സി.പി.ഐ.എം പരിപാടിയില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. ബി.ജെ.പിയെ നേരിടാനുള്ള ത്രാണി കോണ്‍ഗ്രസിനില്ലെന്നും സംഘപരിവാറിനെ നേരിടാന്‍ ഇടതുപക്ഷത്തിനേ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വര്‍ഗീയത രാജ്യത്തിന്റെ ആദര്‍ശമായി കൊണ്ടുവരാന്‍ ശ്രമം നടക്കുന്നു. സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കാളിത്തവും ഇല്ലാത്തവരാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. കര്‍ണാടകയില്‍ ഉണ്ടാകുന്ന വര്‍ഗീയ ഇടപെടലുകള്‍ ഗൗരവത്തോടെ കാണണം. രാജ്യത്തിന്റെ ചരിത്രം തിരുത്താനും പല ഭാഗങ്ങളില്‍ നിന്നും ശ്രമങ്ങളുണ്ടായി. ഇതിന് അധികാരികള്‍ കൂട്ടുനിന്നു. മുസ്‌ലിം വിഭാഗത്തെപ്പറ്റി ഭീതി പരത്താന്‍ ശ്രമിക്കുന്നു. ന്യൂനപക്ഷങ്ങള്‍ രണ്ടാം കിട പൗരന്മാരാണെന്ന ആശയം നടപ്പാക്കുന്നതിന്റെ ഭാഗമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

K. Sudhakaran responded to Chief Minister Pinarayi Vijayan who criticized Rahul Gandhi’s Bharat Jodo Yatra

We use cookies to give you the best possible experience. Learn more