തിരുവനന്തപുരം: നികുതി ബഹിഷ്‌കരണം പ്രായോഗികമല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാട് തള്ളി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. നികുതി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഒരു തരത്തിലും കോണ്‍ഗ്രസ് പിന്തുണക്കില്ലെന്ന് സുധാകരന്‍ പറഞ്ഞു.
അടുത്ത ദിവസം നടക്കാനിരിക്കുന്ന കെ.പി.സി.സി യോഗത്തില്‍ നികുതി ബഹിഷ്‌കരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ആ തീരുമാനവുമായി തന്നെ മുന്നോട്ടുപോകാനാണ് എല്ലാ സാധ്യതയുമെന്നും സുധാകരന്‍ പറഞ്ഞു.
മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് നികുതി ബഹിഷ്‌കരണ ആഹ്വാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സുധാകരന്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അധിക നികുതി അടയ്ക്കരുതെന്ന് ജനങ്ങളോട് സുധാകരന്‍ ആവശ്യപ്പെട്ടത്. അടക്കാത്തവര്‍ക്കെതിരെ നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞിരുന്നു. ന്യൂദല്‍ഹിയില്‍ വെച്ച് വാര്‍ത്താ സമ്മേളനം നടത്തിയാണ് സുധാകരന്‍ ഈ പ്രഖ്യാപനം നടത്തിയത്.
അധിക നികുതി പാര്‍ട്ടി പ്രവര്‍ത്തകര്‍ അടയ്ക്കില്ലെന്ന് യു.ഡി.എഫ് ഭരണകാലത്ത് പിണറായി വിജയന്‍ പറഞ്ഞിരുന്നുവെന്ന് സുധാകരന്‍ പറഞ്ഞിരുന്നു.
എന്നാല്‍ കെ. സുധാകരന്റെ ബഹിഷ്‌കരണാഹ്വാനത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് വി.ഡി സതീശന്‍ തൊട്ടുപിന്നാലെ പ്രതികരിച്ചത്. പണ്ട് പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കെ വര്‍ധിപ്പിച്ച കരം അടക്കേണ്ടതില്ലെന്ന് പറഞ്ഞത് അറിയാമെന്നും അധിക നികുതി അടക്കേണ്ടതില്ലെന്ന് താന്‍ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.
ശനിയാഴ്ച രാവിലെ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലും നികുതി ബഹിഷ്‌കരണം സാധ്യമല്ലെന്നായിരുന്നു വി.ഡി. സതീശന്‍ പറഞ്ഞത്.
‘കെ.പി.സി.സി പ്രസിഡന്റുമായി സംസാരിച്ചിരുന്നു. നികുതി കൊടുക്കേണ്ടതില്ല എന്ന അര്‍ത്ഥത്തിലല്ല അദ്ദേഹം പറഞ്ഞത്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന സമയത്ത് നികുതി കൊടുക്കേണ്ട എന്ന് പറഞ്ഞിരുന്നു. ആ പിണറായി വിജയനെ കളിയാക്കുകയായിരുന്നു താനെന്ന് സുധാകരന്‍ എന്നോട് പറഞ്ഞു. നികുതി പിരിക്കേണ്ട എന്നത് പ്രയോഗികമായ കാര്യമല്ല. അത് കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്,’ വി.ഡി. സതീശന്‍ പറഞ്ഞു.
എന്നാല്‍ ഇപ്പറഞ്ഞതില്‍ വ്യത്യസ്തമായ നിലപാടാണ് കെ. സുധാകരന്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
എന്തുകൊണ്ടാണ് ഇക്കാര്യങ്ങളില്‍ കൂടിയാലോചനകള്‍ ഇല്ലാത്തതെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മിനിഞ്ഞാന്ന് നടന്ന സംഭവത്തില്‍ ഇന്നലെ കെ.പി.സി.സി വിളിക്കാന്‍ കഴിയുമോയെന്നായിരുന്നു സുധാകരന്‍ തിരിച്ച് ചോദിച്ചത്.
ഹര്‍ത്താല്‍ എന്ന സമരമുറയില്‍ നിന്ന് പിന്മാറിയെങ്കിലും മറ്റ് പല തരത്തിലുള്ള സമരരീതികളുണ്ടെന്നും മുഖ്യമന്ത്രിയെ തെരുവിലും ഓഫീസിലും ഭരണത്തിലുമെല്ലാം നേരിടുമെന്നും സുധാകരന്‍ പറഞ്ഞു.
Content Highlight: K Sudhakaran rejects V D Satheeshan’s stand on tax removal