ഫാ. സ്റ്റാന്‍ സ്വാമിയോട് കാണിച്ച നീതി നിഷേധത്തിന്റെ തുടര്‍ച്ച; ദല്‍ഹിയിലെ കത്തോലിക്ക ദേവാലയം പൊളിച്ചത് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമെന്ന് കെ. സുധാകരന്‍
Kerala News
ഫാ. സ്റ്റാന്‍ സ്വാമിയോട് കാണിച്ച നീതി നിഷേധത്തിന്റെ തുടര്‍ച്ച; ദല്‍ഹിയിലെ കത്തോലിക്ക ദേവാലയം പൊളിച്ചത് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമെന്ന് കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th July 2021, 10:02 pm

തിരുവനന്തപുരം: ദല്‍ഹി അന്ധേരിയ മോഡിലെ ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്ക ദേവാലയം പൊളിച്ചത് മതേതരത്വത്തിനെതിരെയുള്ള കടുത്ത വെല്ലുവിളിയെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. അധികൃതരുടെ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പള്ളി പൊളിച്ച നടപടിയ്ക്ക് പിന്നില്‍ സംഘപരിവാര്‍ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹി ഡവലപ്പ്മെന്റ് അതോറിറ്റിയാണ് സീറോ മലബാര്‍ സഭയുടെ ദല്‍ഹിയിലെ പള്ളി പൊളിച്ചുനീക്കിയത്. കോടതിയുടെ പരിഗണനയില്‍ കേസ് നില്‍ക്കെയാണ് പള്ളി പൊളിച്ച നടപടി.

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആരാധന നടത്താനും അവകാശം ഉള്ള രാജ്യമാണ് ഇന്ത്യ. തദ്ദേശ ഭരണകൂടങ്ങള്‍ ബലംപ്രയോഗിച്ച് ആരാധനാലയങ്ങള്‍ പൊളിച്ചു മാറ്റുന്നത് വിശ്വാസികളോടുള്ള വെല്ലുവിളി മാത്രമല്ല തികഞ്ഞ ഭരണഘടനാ ലംഘനം കൂടിയാണെന്നും സംഭവത്തില്‍ സുധാകരന്‍ പറഞ്ഞു.

‘ഫാ. സ്റ്റാന്‍ സ്വാമിയോട് ഹിന്ദുത്വ ഭരണകൂടം കാണിച്ച നീതി നിഷേധത്തിന്റെ തുടര്‍ച്ചയാണ് ഈ കിരാത നടപടി. ദല്‍ഹിയില്‍ മഹാഭൂരിപക്ഷവും മലയാളികളെ ഉള്‍ക്കൊള്ളുന്ന ഇടവകയിലെ കൃസത്യന്‍ ദേവാലയത്തിനെതിരായ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമപോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു.
മതന്യൂനപക്ഷങ്ങക്കെതിരെ രാജ്യമെമ്പാടും ഉയര്‍ന്നുവരുന്ന അസഹിഷ്ണുതയും അക്രമങ്ങളും തടയുന്നതിന് നടപടി സ്വീകരിക്കണമെന്നും അവര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്,’ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ പള്ളി അനധികൃത നിര്‍മ്മാണമാണെന്ന് കാണിച്ച് അതോറിറ്റി നോട്ടീസ് നല്‍കിയിരുന്നു. പള്ളി നില്‍ക്കുന്നത് കൈയ്യേറ്റഭൂമിയിലാണെന്നും വെള്ളിയാഴ്ച നല്‍കിയ നോട്ടീസില്‍ ഡി.ഡി.എ. പറഞ്ഞിരുന്നു.

ഇതിന് പിന്നാല പള്ളി അധികാരികളും വിശ്വാസികളും കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ തര്‍ക്കം കോടതിയില്‍ നില്‍ക്കെ ഡി.ഡി.എ. എത്തി പള്ളി പൂര്‍ണമായും പൊളിച്ചുമാറ്റുകയായിരുന്നു.

വിഷയം കോടതി പരിഗണനയില്‍ നില്‍ക്കെ പള്ളിപൊളിച്ചുമാറ്റിയ നടപടിക്കെതിരെ വിശ്വാസികള്‍ കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ദല്‍ഹി അന്ധേരിയ മോഡിലെ ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്ക ദേവാലയം പൊളിച്ച അധികൃതരുടെ നടപടി മതേതരത്വത്തിനെതിരേയുള്ള കടുത്ത വെല്ലുവിളി ആണ്. ഭരണ പരാജയത്തിന് നേരെ ചോദ്യങ്ങളുയരുമ്പോള്‍ അത് മറച്ചുപിടിക്കാന്‍ രാജ്യാമെമ്പാടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് ഇതും.

മതിയായ നടപടിക്രമങ്ങള്‍ പോലും പാലിക്കാതെ, പ്രവൃത്തി സമയത്തിന് മുന്‍പ് ആരാധനാലയം തകര്‍ത്ത നടപടി ഭരണകൂടത്തെ ദുരുപയോഗം ചെയ്ത് കൊണ്ട് മതസ്വാതന്ത്യത്തെ ഹനിക്കുന്നതും സംശയാസ്പദവുമാണ്.

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആരാധന നടത്താനും അവകാശം ഉള്ള രാജ്യമാണ് ഇന്ത്യ. തദ്ദേശ ഭരണകൂടങ്ങള്‍ ബലംപ്രയോഗിച്ച് ആരാധനാലയങ്ങള്‍ പൊളിച്ചു മാറ്റുന്നത് വിശ്വാസികളോടുള്ള വെല്ലുവിളി മാത്രമല്ല തികഞ്ഞ ഭരണഘടനാ ലംഘനം കൂടിയാണ്.
പതിറ്റാണ്ടുകളായി നിലകൊള്ളുന്ന ദേവാലയം നിയമവിരുദ്ധമായ ഭൂമിയില്‍ ആണെന്ന വാദം സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല. പ്രാദേശിക ഭരണകൂടത്തിന് എന്തെങ്കിലും അഭിപ്രായ ഭിന്നതകള്‍ ഉണ്ടെങ്കില്‍ തന്നെ അനേകം വിശ്വാസികളുടെ ആരാധനാലയമായ വിശുദ്ധ മന്ദിരം പൊളിച്ചു മാറ്റുന്നത് ജനാധിപത്യ വിരുദ്ധമാണ്.

ഫാ. സ്റ്റാന്‍ സാമിയോട് ഹിന്ദുത്വ ഭരണകൂടം കാണിച്ച നീതി നിഷേധത്തിന്റെ തുടര്‍ച്ചയാണ് ഈ കിരാത നടപടി.
ദല്‍ഹിയില്‍ മഹാഭൂരിപക്ഷവും മലയാളികളെ ഉള്‍ക്കൊള്ളുന്ന ഇടവകയിലെ കൃസ്തീയ ദേവാലയത്തിനെതിരായ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമപോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു.
മതന്യൂനപക്ഷങ്ങക്കെതിരെ രാജ്യമെമ്പാടും ഉയര്‍ന്നുവരുന്ന അസഹിഷ്ണുതയും അക്രമങ്ങളും തടയുന്നതിന് നടപടി സ്വീകരിക്കണമെന്നും അവര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K Sudhakaran records protest in Syro Malabar Church demolished at Delhi