ന്യൂദല്‍ഹി: അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെയും മറ്റ് എം.പിമാരെയും കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മോദി സര്‍ക്കാരിന്റെ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രാജ്യത്തിന്റെ പ്രതിഷേധം അറിയിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരന്റെ പ്രതികരണം.
‘നിങ്ങളെ ഞങ്ങള്‍ തെല്ലും ഭയപ്പെടുന്നില്ല, മിസ്റ്റര്‍ നരേന്ദ്ര മോദി. നിങ്ങള്‍ തകര്‍ത്തെറിയുന്ന ഇന്ത്യയില്‍, നിങ്ങളുടെ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ അന്നംമുട്ടിച്ച സാധാരണ മനുഷ്യരുടെ ഇന്ത്യയില്‍ അവര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് ഞങ്ങളീ രാജ്യത്തിന്റെ പ്രതിഷേധം നിങ്ങളെ അറിയിച്ചിരിക്കും, ഞങ്ങളീ രാജ്യത്തെ വീണ്ടെടുക്കും.
നാഴികയ്ക്ക് നാല്‍പ്പതു വട്ടം വര്‍ഗീയവിഷം ജനങ്ങളുടെ തലച്ചോറിലേക്ക് വമിപ്പിച്ച് സര്‍ക്കാരിന്റെ അഴിമതികളില്‍ നിന്നും കെടുകാര്യസ്ഥതകളില്‍ നിന്നും എല്ലാക്കാലത്തും ശ്രദ്ധ തിരിക്കാമെന്ന് നിങ്ങള്‍ കരുതേണ്ട,’ കെ. സുധാകരന്‍ പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജെബി മേത്തര്‍, രമ്യ ഹരിദാസ്, ജയ്‌റാം രമേശ്, ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ പ്രവര്‍ത്തകരുടെ വസ്ത്രങ്ങള്‍ പൊലീസ് വലിച്ചുകീറിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.