തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ജി. സുധാകരന്‍. താന്‍ ആരേയും അപമാനിച്ചിട്ടില്ലെന്നും ഒരാളുടെ തൊഴിലിനെ കുറിച്ച് പറയുന്നതില്‍ എന്താണ് അപമാനമായുള്ളതെന്നും സുധാകരന്‍ ചോദിച്ചു.
ചെത്ത് തൊഴിലാളി എന്ന് പറയുന്നതില്‍ എന്താണ് അപമാനം. ജാതിയല്ല പറഞ്ഞത്, തൊഴിലിനെ കുറിച്ചാണ് സൂചിപ്പിച്ചത്. ഒരു തൊഴില്‍വിഭാഗത്തെ കുറിച്ച് പറഞ്ഞാല്‍ അതില്‍ എന്താണ് അപമാനമായുള്ളത്. താന്‍ പറഞ്ഞതില്‍ മര്യാദയുടെ ലംഘനം എന്താണെന്നും സുധാകരന്‍ ചോദിച്ചു.
മുഖ്യമന്ത്രി ഉയര്‍ന്നുവന്ന സാഹചര്യം മറക്കുന്നു എന്നതാണ് ഞാന്‍ പറഞ്ഞതിലെ വ്യംഗ്യാര്‍ത്ഥം. അദ്ദേഹം ചെത്തുകാരനായിരുന്നല്ലോ അതില്‍ എന്താണ് അപമാനം. തൊഴിലിന് അതിന്റെ അഭിമാനവും അന്തസുമില്ലേ. കര്‍ഷതൊഴിലാളി എന്ന് പറഞ്ഞാല്‍ അത് തെറ്റാണോ. തൊഴിലാളിവര്‍ഗത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടയാള്‍ ഹെലികോപ്റ്ററിന് വേണ്ടി 18 കോടി രൂപ ചിലഴിച്ചു ഖജനാവിന് ബാധ്യതയുണ്ടാക്കി. അതാണ് ചൂണ്ടിക്കാട്ടിയത്.
എന്നെ പ്രസ്താവനക്കെതിരെ ഇടതുപക്ഷത്തുനിന്നും ആരും ഒന്നും പറഞ്ഞില്ലല്ലോ. ഞാന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. അതിലെ തെറ്റും ശരിയും വിലയിരുത്തിയിട്ടുണ്ട്. പറഞ്ഞത് മാറ്റേണ്ടതുണ്ടെന്ന് തോന്നിയിട്ടില്ല.
സി.പി.ഐ.എമ്മിന് തോന്നാത്ത പ്രശ്‌നം കോണ്‍ഗ്രസുകാര്‍ക്ക് തോന്നുന്നതിലെ രഹസ്യമെന്താണെന്ന് മനസിലാകുന്നില്ല.
കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ഇത്തരത്തില്‍ വരുന്നതില്‍ സംശയമുണ്ട്. മൂന്ന് ദിവസമായിട്ടും സി.പി.ഐ.എമ്മില്‍ നിന്നും ആരും പ്രതികരിക്കാത്ത വിഷയം കോണ്‍ഗ്രസ് വലിയ വിഷയമാക്കുന്നത് എന്തിനാണെന്നും സുധാകരന്‍ ചോദിച്ചു.
സി.പി.ഐ.എമ്മാണ് ഇത് വിഷയമാക്കേണ്ടത്. എന്നാല്‍ അവര്‍ പ്രതികരിച്ചിട്ടില്ല. പക്ഷേ ഇതില്‍ കോണ്‍ഗ്രസിന്റെ താത്പര്യം എന്താണ്. അതില്‍ സംശയം ഉണ്ട്. ഇക്കാര്യത്തില്‍ ഞാന്‍ കെ.പി.സി.സി നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്. അവര്‍ നയം വ്യക്തമാക്കണം. ഞാന്‍ തെറ്റ് പറഞ്ഞാല്‍ കാലുപിടിച്ച് മാപ്പുപറയും. പിണറായി വിജയനെ കുറിച്ച് നല്ലത് പറയേണ്ട കാലത്ത് നല്ലത് പറഞ്ഞിട്ടുണ്ട്.
ഒരു തൊഴിലാളി വര്‍ഗനേതാവിന്റെ വളര്‍ച്ചയില്‍ അഭിമാനിക്കുന്നു. പക്ഷേ ആ വളര്‍ച്ച പാരമ്യതയിലെത്തുമ്പോള്‍ തൊഴിലാളി വര്‍ഗത്തിന് ഒരു പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം വിനിയോഗിച്ചോ അതോ അദ്ദേഹത്തിന്റെ സുഖസൗകര്യത്തിന് വേണ്ടി ഈ വളര്‍ച്ചയും വികാസവും ഭരണത്തിന്റെ സ്വാധീനവും ഉപയോഗപ്പെടുത്തിയോ എന്നതാണ് അതിലെ സാംഗത്യം. ഞാന്‍ സൂചിപ്പിച്ചത് അതാണ്.
എന്താണ് അതിലെ തെറ്റ്. എനിക്ക് മനസിലായിട്ടില്ല. ചെത്ത് തൊഴിലാളി എന്ന് പറയുന്നത് കുറ്റമാണോ കര്‍ഷക തൊഴിലാളി, നെയ്ത്തുതൊഴിലാളി, ബീഡി തൊഴിലാളി എന്നിങ്ങെ ഒരു തൊഴില്‍ വിഭാഗത്തെ കുറിച്ച് പറഞ്ഞാല്‍ എന്താണ് അപമാനം എന്താണ് തെറ്റ്. ഇതുവരെ മനസിലായില്ല. ഷാനിമോള്‍ ഉസ്മാന് എന്താണ് ഇത്ര മാനസികപ്രയാസമെന്ന് അറിയില്ല.
ഞാന്‍ മാപ്പുപറയണമെന്ന് പറയുന്നു. ഷാനിമോള്‍ക്ക് എന്താണ് ഇത്രയും അസന്തുഷ്ടിയും മനപ്രയാസവും ഉണ്ടാവാന്‍ കാരണം. ഉമ്മന്‍ ചാണ്ടിക്കെതിരെ സംസ്‌ക്കാരമില്ലാത്ത എന്തൊക്കെ വാക്കുകള്‍ അവര്‍ ഉപയോഗിച്ചു. അന്നൊന്നും ഇല്ലാത്ത വികാരം പിണറായിയെ വിമര്‍ശിച്ചപ്പോള്‍ തോന്നാന്‍ എന്തുപറ്റി, സുധാകരന്‍ ചോദിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: K Sudhakaran Pinarayi Vijayan Comment