പാഠശാലകള്‍ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ ആയുധ നിര്‍മാണ കേന്ദ്രങ്ങളായി: കെ. സുധാകരന്‍
Kerala News
പാഠശാലകള്‍ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ ആയുധ നിര്‍മാണ കേന്ദ്രങ്ങളായി: കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th January 2023, 8:28 am

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ പാഠശാലകള്‍ ആയുധ നിര്‍മാണ കേന്ദ്രങ്ങളായെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്‌നിക്കല്‍ വിദ്യാലയങ്ങളില്‍ ആയുധ നിര്‍മ്മാണം നടന്നെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ സി.പി.ഐ.എമ്മും ബി.ജെ.പിയുമാണ് ബോംബും ആയുധ നിര്‍മാണവും കുടില്‍ വ്യവസായം പോലെ നടത്തിവരുന്നത്. അതിപ്പോള്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് അപകടകരമാണെന്നും സുധാകരന്‍ വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു.

പഠനത്തിന്റെ മറവില്‍ ആയുധ നിര്‍മാണം നടന്നിട്ടും വിദ്യാഭ്യാസ വകുപ്പ് ഇതൊന്നും അറിയില്ലെന്ന് പറയുന്നത് വിചിത്രമാണെന്നും, അധ്യാപകരുടെ പിന്തുണയില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് ലാബുകളില്‍ ആയുധങ്ങള്‍ നിര്‍മിക്കാന്‍ കഴിയില്ലെന്നും കെ.സുധാകരന്‍ ആരോപിച്ചു.

പിണറായി ഭരണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആയുധ നിര്‍മാണ പരിശീലനം നല്‍കുന്ന നിലയിലേക്ക് വിദ്യാഭ്യാസ നിലവാരം അധപതിച്ചുവെന്നും കെ.പി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി.

വര്‍ധിച്ച മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഭ്യതയും ഉപയോഗവും ആയുധ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ സ്വാധീനിച്ചിട്ടുണ്ടോയെന്നും അതല്ല മറ്റേതെങ്കിലും ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്‌നിക്കല്‍ വിദ്യാലയങ്ങളില്‍ ആയുധ നിര്‍മാണം നടന്നതായുള്ള പൊലീസ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

ലാബ് പഠനത്തിന്റെ മറവിലാണ് ആയുധ നിര്‍മാണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കര്‍ശന നിരീക്ഷണം വേണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു.

Content Highlight: K Sudhakaran over the police report on arms manufacturing under department of technical education Kerala