| Monday, 14th March 2022, 7:28 pm

ഒരു പിഞ്ചു കുഞ്ഞിനോട് സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നു; ആറ്റിങ്ങല്‍ പരസ്യ വിചാരണയില്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്ന തീരുമാനത്തിനെതിരെ സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് അപമാനിച്ച പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച സര്‍ക്കാര്‍ നടപടി മനുഷ്യത്വ വിരുദ്ധമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.

ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നതാണ് സിംഗിള്‍ബെഞ്ച് ഉത്തരവ്. അതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത് സ്വാഭാവിക നീതിയുടെ നഗ്നമായ ലംഘനമാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അധികാരം ജനങ്ങളുടെ മേല്‍ അന്യായമായി ഉപയോഗിക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ല എന്ന് ഒരു സര്‍ക്കാര്‍ പറയുന്നതിനോളം വലിയ ഭീരുത്വവും ഉത്തരവാദിത്തമില്ലായ്മയും നിസംഗതയും വേറെയില്ലെന്നും സുധാകരന്‍ പരിഹസിച്ചു.

ഇങ്ങനെ ഏറ്റെടുക്കാന്‍ തുടങ്ങിയാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊലീസ് നടത്തിയ നര നായാട്ടുകള്‍ക്ക് ഉത്തരം പറയേണ്ടി വരുമെന്ന പിണറായി വിജയന്റെ ഭയമാണ് ഈ അപ്പീല്‍.
പക്ഷേ ഇതൊരു കേവലം സാങ്കേതിക വാദമായി, സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി സ്വാഭാവികമായി സംഭവിച്ച ഒരു നടപടിയാണ് എന്നുകരുതാന്‍ വയ്യ. ഈ അപ്പീലിന് പിറകിലെ രാഷ്ട്രീയം കൂടി കേരളത്തിലെ ജനങ്ങള്‍ മനസിലാക്കേണ്ടതുണ്ടതെന്നും സുധാകരന്‍ പറഞ്ഞു

‘പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണു നിലകൊള്ളുന്നത് എന്ന കാര്യം അത്ഭുതകരം മാത്രമല്ല അങ്ങേയറ്റം ആശങ്ക ജനിപ്പിക്കുന്നതുമാണ്. മൂന്നാം ക്ലാസുകാരിയായ ഒരു പിഞ്ചു കുഞ്ഞിനോടാണ് പിണറായി സര്‍ക്കാര്‍ ക്രൂരമായി പ്രതികാരം ചെയ്യാന്‍ പോകുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് ഒരു കുഞ്ഞിന് അതര്‍ഹിക്കുന്ന നീതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും തയ്യാറാവാത്തവരെ എന്ത് തരം മനോനിലയാണ് നയിക്കുന്നത് എന്നത് ഭയപ്പെടുത്തുന്നു.

ജനാധിപത്യ കേരളത്തിനാകെ അപമാനകരമായ ഈ നടപടി തിരുത്തണം എന്ന് പിണറായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ആ കുഞ്ഞിന് നിയമപോരാട്ടത്തില്‍ നീതി ലഭിക്കുംവരെ കെ.പി.സി.സി അവരോടൊപ്പമുണ്ടാകും,’ കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: K. Sudhakaran opposes decision not to pay compensation in Attingal Pink Police Public trial

We use cookies to give you the best possible experience. Learn more