തിരുവനന്തപുരം: ഡി.സി.സി പട്ടികയില്‍ ഇനി ചര്‍ച്ചയില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘വിവാദം കൊണ്ട് എല്ലാ ദിവസവും മുന്നോട്ടുപോകാനാകില്ല. പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞു. ഗ്രൂപ്പുകളുടെ സംയോജനം ഇനി വേണ്ട,’ അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ ഗുണത്തിനായി അനാവശ്യ ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതികരണങ്ങള്‍ ഉചിതമാണോയെന്ന് നേതാക്കള്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘പാര്‍ട്ടിയ്ക്ക് എന്നും താങ്ങും തണലുമായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വേണം. പരമാവധി എല്ലാവരേയും സഹകരിപ്പിക്കും. സഹകരിക്കാത്തവരെ സഹകരിപ്പിക്കാനുള്ള മെക്കാനിസമൊന്നും കൈയിലില്ല,’ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
എ.വി. ഗോപിനാഥ് പാര്‍ട്ടി വിടാനുള്ള തീരുമാനം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏറെ നാളത്തെ പ്രതിസന്ധികള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് കേരളത്തിലെ ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്. പട്ടികയ്ക്കെതിരെ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി വിമര്‍ശനമുന്നയിച്ച് രംഗത്ത് എത്തിയിരുന്നു. ഞായറാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നിലാണ് ഇരു നേതാക്കളും പുനസംഘടനയുമായി ബന്ധപ്പെട്ട തങ്ങളുടെ അതൃപ്തി അറിയിച്ചത്.
ഡി.സി.സി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് കുറച്ചുകൂടി വിശദമായ ചര്‍ച്ചകള്‍ സംസ്ഥാന തലത്തില്‍ നടക്കേണ്ടതായിരുന്നു എന്നായിരുന്നു രമേശ് ചെന്നിത്തല പ്രതികരിച്ചത്. അങ്ങനെ നടന്നിരുന്നെങ്കില്‍ ഹൈക്കമാന്റിന്റെ ഇടപെടല്‍ കുറക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നില്ലെന്നും തന്റെ പേര് അനാവശ്യമായി പല വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെട്ടു എന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്. പട്ടിക തയ്യാറാക്കുമ്പോള്‍ സംസ്ഥാന തലത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയില്ലെന്ന രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും വിമര്‍ശനത്തെ കോണ്‍ഗ്രസ് നേതൃത്വം തള്ളിയിരുന്നു.
ചര്‍ച്ചകള്‍ നടന്നില്ലെന്ന പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നാണ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് ഇരുവരോടും സംസാരിച്ചിരുന്നെന്നും വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: K Sudhakaran Oommen Chandy Ramesh Chennithala KPCC DCC