| Tuesday, 2nd February 2021, 12:01 pm

താന്‍ കെ.പി.സി.സി പ്രസിഡന്റ് ആകുന്നത് തടയാന്‍ ഒരു വിഭാഗം ഗൂഢനീക്കം നടത്തി; വെളിപ്പെടുത്തലുമായി കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: താന്‍ കെ.പി.സി.സി പ്രസിഡന്റ് ആകുന്നത് തടയാന്‍ നേരത്തെ ഒരു വിഭാഗം ഗൂഢനീക്കം നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എം.പി. ഇക്കാര്യം എ.ഐ.സി.സി നേതൃത്വത്തില്‍ നിന്ന് തന്നെയാണ് താന്‍ അറിഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് ആകണമെന്ന് നേരത്തെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഒരു ഗ്രൂപ്പ് തനിക്കെതിരെ പ്രവര്‍ത്തിച്ചു. എന്നാല്‍ കോണ്‍ഗ്രസിന് അകത്തെ ഗൂഢസംഘം ഇപ്പോള്‍ സജീവമല്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് ആകണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. കെ.പി.സി.സി പ്രസിഡന്റ് ആകണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നല്ലാതെ ഹൈക്കമാന്‍ഡില്‍ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല.

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തില്‍ മാറ്റം വേണമോ എന്നത് പോലും ചര്‍ച്ചയായിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. നാളെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു.

കോണ്‍ഗ്രസില്‍ ഐക്യം അനിവാര്യമാണ്. മുഖ്യമന്ത്രി സ്ഥാനം പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പിനെ നേരിടണമെന്നതായിരുന്നു ഹൈക്കമാന്‍ഡ് തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് പ്രശ്നമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ. സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റേക്കുമെന്ന തരത്തില്‍ നേരത്തെയും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നിലവിലെ കെ.പി.സി.സി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ അടുത്ത കെ.പി.സി.സി അധ്യക്ഷന്‍ ആരാകുമെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്കകത്ത് നടന്നുവരികയാണ്.

എന്നാല്‍ അധ്യക്ഷനാകാന്‍ നോമ്പ് നോറ്റിരിക്കുകയല്ല താനെന്നാണ് കെ. സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാര്‍ട്ടിയെ നയിക്കാന്‍ ഉണ്ടാക്കിയ പത്തംഗ കമ്മിറ്റിയിലെ ഒരു അംഗം മാത്രമാണ് താനെന്നും നിലവില്‍ തെരഞ്ഞെടുപ്പിന്റെ ചാര്‍ജ് മുഴുവന്‍ കമ്മിറ്റിക്കാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ മുല്ലപ്പള്ളി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താത്പര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചതായി സൂചകളുണ്ടായിരുന്നു. കല്‍പ്പറ്റ മണ്ഡലത്തിലേക്ക് മത്സരിക്കാനാണ് സാധ്യതയെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് ലീഗ് രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Sudhakaran on KPCC president Post

We use cookies to give you the best possible experience. Learn more