തിരുവനന്തപുരം: താന്‍ കെ.പി.സി.സി പ്രസിഡന്റ് ആകുന്നത് തടയാന്‍ നേരത്തെ ഒരു വിഭാഗം ഗൂഢനീക്കം നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എം.പി. ഇക്കാര്യം എ.ഐ.സി.സി നേതൃത്വത്തില്‍ നിന്ന് തന്നെയാണ് താന്‍ അറിഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് ആകണമെന്ന് നേരത്തെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഒരു ഗ്രൂപ്പ് തനിക്കെതിരെ പ്രവര്‍ത്തിച്ചു. എന്നാല്‍ കോണ്‍ഗ്രസിന് അകത്തെ ഗൂഢസംഘം ഇപ്പോള്‍ സജീവമല്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് ആകണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. കെ.പി.സി.സി പ്രസിഡന്റ് ആകണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നല്ലാതെ ഹൈക്കമാന്‍ഡില്‍ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തില്‍ മാറ്റം വേണമോ എന്നത് പോലും ചര്‍ച്ചയായിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. നാളെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു.
കോണ്‍ഗ്രസില്‍ ഐക്യം അനിവാര്യമാണ്. മുഖ്യമന്ത്രി സ്ഥാനം പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പിനെ നേരിടണമെന്നതായിരുന്നു ഹൈക്കമാന്‍ഡ് തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് പ്രശ്നമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ. സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റേക്കുമെന്ന തരത്തില്‍ നേരത്തെയും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.