കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല സിലബസിലെ കാവിവല്‍ക്കരണം സര്‍ക്കാരിന്റെ അറിവോടെയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍.
സര്‍വകലാശാല പി.ജി സിലബസില്‍ ഗോള്‍വാള്‍ക്കറെ പഠിക്കണമെന്ന് തീരുമാനിച്ചത് ഉന്നതവിദ്യാഭ്യാസ മന്ത്രി അറിഞ്ഞാണെന്നാണ് സുധാകരന്‍ പറഞ്ഞത്.
വിദ്യാഭ്യാസ മന്ത്രിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും അറിഞ്ഞെടുത്ത തീരുമാനമാണിത്. ബി.ജെ.പി -സി.പി.ഐ.എം ധാരണയുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും സുധാകരന്‍ പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാരിന് കാരണം ബി.ജെ.പിയാണ്. ഇടതുപക്ഷത്തെ കുരുക്കിലാക്കുന്ന ഒരവസരവും ബി.ജെ.പി വിനിയോഗിക്കുന്നില്ല. അന്വേഷണ ഏജന്‍സികള്‍ തലങ്ങും വിലങ്ങും കയറി ഇറങ്ങിയിട്ടും ഒരു തൂവല്‍ പോലും ഇളകിയില്ല.
എന്തിന്റെ ഉറപ്പിലാണ് പിണറായി നില്‍ക്കുന്നതെന്ന് ഊഹിക്കാവുന്നതാണ്. ലാവ്‌ലിന്‍ കേസ് 20 തവണ മാറ്റിവച്ചത് ജഡ്ജിമാര്‍ മാത്രം വിചാരിച്ചിട്ടല്ലെന്നും ഭരണകൂടത്തിന്റെ ഇടപെടല്‍ ഉണ്ടെന്നും സുധാകരന്‍ ആരോപിച്ചു.
സി.പി.ഐ.എം -ബി.ജെ.പി കൂട്ടുകെട്ടാണ് കോണ്‍ഗ്രസിന്റെ എതിരാളിയെന്നും സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരം ഡി.സി.സിയില്‍ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍.
സിലബസ് വിവാദത്തില്‍ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ.മുനീറും രംഗത്തെത്തി. സര്‍വകലാശാല വേണ്ടത്ര പഠനം നടത്താതെയാണ് തീരുമാനമെടുത്തതെന്ന് മുനീര്‍ ആരോപിച്ചു.
ഹിന്ദുത്വവാദികളായ നേതാക്കള്‍ക്ക് പ്രാധാന്യം നല്‍കിയതാണ് പ്രശ്‌നം. ആര്‍.എസ്.എസ് അനുകൂല സിലബസായി മാറുമോ എന്ന് ഭയപ്പെടുന്നുവെന്നും മുനീര്‍ ആരോപിച്ചു.
അതേസമയം വിവാദം ശക്തമായ സാഹചര്യത്തില്‍ കണ്ണൂര്‍ സര്‍വകലാശാല പി.ജി സിലബസില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍പ്പെടുത്തിയതില്‍ അപാകതയുണ്ടോ എന്ന് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയമിച്ചു.
രണ്ടംഗ സമിതി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിവാദത്തിന് പിന്നാലെ പുനപരിശോധന പ്രഖ്യാപനം നടത്തിയെങ്കിലും ഗോള്‍വാള്‍ക്കറെയും സവര്‍ക്കറെയും വിദ്യാര്‍ത്ഥികള്‍ പഠിക്കണമെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍.
അതേസമയം ആര്‍.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകം സിലബസില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ നിലപാട് തള്ളി എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി രംഗത്തെത്തിയിട്ടുണ്ട്.
ആര്‍.എസ്.എസ് പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ സച്ചിന്‍ ദേവ് മാധ്യമങ്ങളോട് പറഞ്ഞു.
സിലബസ് പിന്‍വലിക്കാന്‍ ആവശ്യമായ നടപടിയെടുക്കുമെന്നും കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തിയ ശേഷമാണ് സംസ്ഥാന കമ്മറ്റി ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
സിലബസിന് എതിരായ നിലപാട് ആണ് എസ്.എഫ്.ഐക്കുള്ളത്. മറ്റ് ഏതെങ്കിലും തരത്തിലുള്ള പ്രസ്താവനകളെ എസ്.എഫ്.ഐ അംഗീകരിക്കുന്നില്ലെന്നും സച്ചിന്‍ ദേവ് പറഞ്ഞു.
നേരത്തെ എസ്.എഫ്.ഐ ജില്ലാ ഭാരവാഹിയായ സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍ സിലബസിനെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. സിലബസ് പിന്‍വലിക്കേണ്ട ഒരു ആവശ്യവും ഇല്ലെന്നാണ് യൂണിവേഴ്സിറ്റി യൂണിയന്‍ പറഞ്ഞത്.
സവര്‍ക്കറേയും ഗോള്‍വാള്‍ക്കറെയും കുറിച്ച് പഠിച്ച ശേഷം അതിനെ വിമര്‍ശനാത്മകമായി കൈകാര്യം ചെയ്യണമെന്നാണ് യൂണിയന്റെ നിലപാടെന്നായിരുന്നു എസ്.എഫ്.ഐ യൂണിയന്‍ അറിയിച്ചത്.