| Wednesday, 17th April 2019, 3:47 pm

കോണ്‍ഗ്രസിലെ മിക്ക നേതാക്കന്മാര്‍ക്കും ഒരു പൊളിറ്റിക്കല്‍ കലണ്ടറുണ്ട്; ഇന്നവര്‍ഷം ഇന്നതാവണം എന്ന പ്ലാന്‍: കെ.സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവാന്‍ താന്‍ നിര്‍ബന്ധിക്കപ്പെട്ടതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ദേശീയ രാഷ്ട്രീയത്തില്‍ തനിക്ക് വലിയ താല്‍പര്യമില്ലായിരുന്നെന്നും സുധാകരന്‍ വ്യക്തമാക്കി. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ താന്‍ നിര്‍ബന്ധിക്കപ്പെട്ടതാണ്. ദല്‍ഹിയില്‍ ഞാനങ്ങനെ വലിയ സ്വാധീനമൊന്നും ഉണ്ടാക്കിയിട്ടില്ല. അഞ്ചു കൊല്ലം എം.പിയായിരുന്നപ്പോഴും ഞാന്‍ ഏറെയൊന്നും ദേശീയ നേതൃതാക്കളുമായി അടുപ്പം പുലര്‍ത്താന്‍ മെനക്കെട്ടിട്ടില്ല. കാരണം എനിക്ക് ദേശീയ രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലായിരുന്നു.’ സുധാകരന്‍ പറഞ്ഞു.

കണ്ണൂരില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാര്‍ട്ടിക്കകത്തെ ഒരുപാട് നേതാക്കന്മാര്‍ക്കു പങ്കുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ‘എന്നെയിവിടെ മത്സരിപ്പിച്ചതില്‍ പാര്‍ട്ടിക്കകത്തെ ഒരുപാട് നേതാക്കന്മാര്‍ക്ക് നല്ല റോളുണ്ട്. അതിനു പിന്നിലെ ഉദ്ദേശമെന്താണെന്നൊന്നും എനിക്കറിയില്ല. സദുദ്ദേശമാണോ ദുരുദ്ദേശമാണോയെന്ന് എനിക്കറിയില്ല. ‘ സുധാകരന്‍ വ്യക്തമാക്കി.

മറ്റ് കോണ്‍ഗ്രസ് നേതാക്കന്മാരെപ്പോലെ ഒരു പൊളിറ്റിക്കല്‍ കലണ്ടര്‍ വെച്ച് നീങ്ങുന്ന ആളല്ല താനെന്നും സുധാകരന്‍ പറഞ്ഞു. ‘എന്റെ പാര്‍ട്ടിയിലെ മിക്ക നേതാക്കന്മാര്‍ക്കും ഒരു പൊളിറ്റിക്കല്‍ അജണ്ടയുണ്ട്. അജണ്ടയെന്നു പറഞ്ഞാല്‍ അവര്‍ക്കൊരു പൊളിറ്റിക്കല്‍ കലണ്ടറുണ്ട്. ഇന്നവര്‍ഷം ഇന്നതാവണം എന്നൊരു പൊളിറ്റിക്കല്‍ കലണ്ടറുള്ള ഒരുപാട് നേതാക്കന്മാരുണ്ട്. അവര്‍ ആ കലണ്ടര്‍ വെച്ചിട്ടാണ് മുന്നോട്ടു പോകുന്നത്. ജീവിതത്തില്‍ അങ്ങനെയൊരു പ്രതീക്ഷയോ കലണ്ടറോ മുന്നോട്ടുവെക്കാത്ത ഒരു നേതാവാണ് ഞാന്‍.’

‘പാര്‍ട്ടിക്കുവേണ്ടി എനിക്കു ചെയ്യാന്‍ കഴിയാവുന്നത് ചെയ്യും. അതിനകത്ത് റിസള്‍ട്ട് എന്ത് കിട്ടുന്നുവെന്ന് ആലോചിച്ചിട്ടില്ല. കിട്ടിയാല്‍ ഞാന്‍ വാങ്ങും. ഞാനൊരു മന്ത്രിയാവാന്‍ ഇതുവരെ ഒരാളുടെ കാലോ കയ്യോ പിടിക്കാന്‍ പോയിട്ടില്ല. എ.കെ ആന്റണി അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഞാന്‍ പറയാതെയാണ് എന്നെ ഉള്‍പ്പെടുത്തിയത്.’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

We use cookies to give you the best possible experience. Learn more