Advertisement
D' Election 2019
'ഇറച്ചിവെട്ടുന്നവനല്ലേടാ നീ' തെരഞ്ഞെടുപ്പു പരസ്യം ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു; ഞങ്ങള്‍ പറഞ്ഞത് രാഷ്ട്രീയമെന്ന് കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 17, 10:43 am
Wednesday, 17th April 2019, 4:13 pm

കണ്ണൂര്‍: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലെ യു.ഡി.എഫ് പുറത്തിറക്കിയ പരസ്യത്തിലെ ‘ഇറച്ചിവെട്ടുന്നവല്ലേടാ നീ’ എന്ന പ്രയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് കെ. സുധാകരന്‍. പരസ്യം ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതാണ് ഇത്തരം വിവാദങ്ങള്‍ക്ക് കാരണമെന്നാണ് സുധാകരന്‍ ഡൂള്‍ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ഇറച്ചിവെട്ടുകാരനായ മുസ്‌ലീമിനോട് ‘നീ പച്ച ഇറച്ചി വെട്ടുന്നവല്ലേ’യെന്ന് ചോദിക്കുമ്പോള്‍ അതില്‍ വംശീയതയില്ലേയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇറച്ചി വെട്ടുന്നതുപോലെ മനുഷ്യനെ വെട്ടുന്ന സി.പി.ഐ.എമ്മിന്റെ അക്രമത്തെ തുറന്നുകാട്ടുകയാണ് തങ്ങള്‍ അതിലൂടെ ചെയ്തതെന്നാണ് സുധാകരന്റെ അവകാശവാദം.

‘അതങ്ങനെയല്ല. ഒന്നിനെ നമുക്ക് ഏതുതരത്തിലും വ്യാഖ്യാനിക്കാം. അതൊരു വ്യക്തിയുടെ മനോഭാവം അനുസരിച്ചിരിക്കും. ഞങ്ങളവിടെ സൂചിപ്പിച്ചത് എന്താണെന്നുവെച്ചാല്‍ ഇറച്ചി എന്നു വെച്ചാല്‍ ഇവിടുത്തെ മനുഷ്യനെ വെട്ടുന്ന സി.പി.ഐ.എമ്മിന്റെ അക്രമത്തെക്കുറിച്ചാണ്.

ഇവിടെ ഇറച്ചി വെട്ടുന്നതുപോലെയാണ് ഇവിടുത്തെ സി.പി.ഐ.എം മനുഷ്യരെ വെട്ടുന്നത്. ഇവിടെ കൊല്ലപ്പെട്ട ശരത് ലാല്‍ , കൃപേഷ്, ശുഹൈബ് അങ്ങനെ കൊല്ലപ്പെട്ടവരുടെ ഫോട്ടോയെടുത്താല്‍ ഇറച്ചി വെട്ടുന്നതുപോലെയാണ് ഇവരെ വെട്ടിയതെന്ന് കാണാം. ഇറച്ചി കടയില്‍ വെട്ടുന്നതുപോലെ വെട്ടുന്ന സി.പി.ഐ.എമ്മിനെയാണ് ഇറച്ചിവെട്ടുന്നവനല്ലേടാ എന്ന ചോദ്യത്തിലൂടെ ഞങ്ങള്‍ ഉദ്ദേശിച്ചത്.

ഞങ്ങള്‍ രാഷ്ട്രീയമാണ് പറയുന്നത്. അത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നത് സത്യമാണ്.’ സുധാകരന്‍ വിശദീകരിക്കുന്നു.

ഒരു ഇറച്ചിക്കടയില്‍ നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് കെ. സുധാകരന്റെ പരസ്യം. ബീഫ് വെട്ടുന്ന ഇറച്ചിക്കടക്കാരന്‍ ഓന്‍ കാലുമാറും എന്ന് പറയുമ്പോള്‍ അതിനെ മറ്റുള്ളവര്‍ ശക്തമായി എതിര്‍ക്കുകയാണ്. ‘നീ പച്ച ഇറച്ചി വെട്ടുന്നവനാണ്, നീ ഇങ്ങനെയേ പറയൂ’ എന്നാണ് അവസാനം കോണ്‍ഗ്രസ് അനുഭാവി പറയുന്നത്.

പരസ്യത്തിലെ ഇറച്ചി വെട്ടുകാരന്‍ എന്നത് മുസ്‌ലിംങ്ങളെ പ്രതിനിധീകരിക്കുന്നതാണെന്നും അവരെ വംശീയമായി അധിക്ഷേപിക്കുന്ന സംഘപരിവാര്‍ പ്രചരണങ്ങളെ ഏറ്റുപിടിക്കുന്നതാണ് പരസ്യമെന്നുമായിരുന്നു വിമര്‍ശനം ഉയര്‍ന്നത്.