തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ താനും മത്സരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. പാര്‍ട്ടിക്കകത്ത് പുതിയ ഉണര്‍വുണ്ടാക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഗ്രൂപ്പുകള്‍ അപ്രസക്തമായെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പുകള്‍ സ്വന്തം ആളെ നിര്‍ത്തി വിജയിപ്പിച്ചെടുക്കുന്ന കാലമല്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിലെ ഗ്രൂപ്പിസം നേതാക്കളില്‍ മാത്രം ചുരുങ്ങി കഴിഞ്ഞു. താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ മനസ്സില്‍ ഗ്രൂപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
‘1992-ല്‍ കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടന്നില്ലായിരുന്നുവെങ്കില്‍ കെ. സുധാകരന്‍ എന്ന രാഷ്ട്രീയ നേതാവ് തന്നെ ഉണ്ടാകുമായിരുന്നില്ല. ആ തെരഞ്ഞെടുപ്പിലൂടെ ഡി.സി.സി പ്രസിഡന്റായതാണ് രാഷ്ട്രീയത്തില്‍ തന്റെ വളര്‍ച്ചയുടെ ആദ്യ ചുവടുവെപ്പ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് തിരിച്ച് സ്വാഗതം ചെയ്യുമെന്നും സുധാകരന്‍ അറിയിച്ചു. സി.പി.ഐ.എമ്മിലേക്ക് പോകുന്നവര്‍ക്ക് പാഠമായിരിക്കും ചെറിയാന്‍ ഫിലിപ്പിന്റെ തിരിച്ചുവരവെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിയ്ക്കും കടുത്ത അതൃപ്തിയാണുള്ളത്.
23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വാഹക സമിതി അംഗങ്ങള്‍, നാല് വൈസ് പ്രസിഡന്റുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക പ്രഖ്യാപിച്ചത്.
എന്‍. ശക്തന്‍, വി.ടി. ബല്‍റാം, വി.പി. സജീന്ദ്രന്‍, വി.ജെ പൗലോസ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയെ പോലും പരിഗണിച്ചിരുന്നില്ല.