| Monday, 5th April 2021, 1:14 pm

കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് ബി.ജെ.പി പറഞ്ഞാല്‍ എന്ത് ചെയ്യും; തലശ്ശേരിയില്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കെ.സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തലശ്ശേരിയില്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് ബി.ജെ.പിക്കാര്‍ പറഞ്ഞാല്‍ പിന്നെന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

‘തലശ്ശേരിയില്‍ ആരുടെ വോട്ടും സ്വീകരിക്കും. കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് ബി.ജെ.പി പറഞ്ഞാല്‍ പിന്നെന്ത് ചെയ്യും. തലശ്ശേരിയില്‍ ഷംസീറിനെ തോല്‍പ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. പക്ഷെ അതിനായി ബി.ജെ.പിയുടെ വോട്ട് ചോദിക്കില്ല. എസ്.ഡി.പി.ഐ പിന്തുണയില്‍ പഞ്ചായത്ത് ഭരിക്കുന്നവരാണ് ഇപ്പോള്‍ ഞങ്ങളെ വിമര്‍ശിക്കാന്‍ മുന്നോട്ട് വരുന്നത്,’ കെ.സുധാകരന്‍ പറഞ്ഞു.

തലശ്ശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ബി.ജെ.പി ജില്ലാ നേതൃത്വം വോട്ടര്‍മാരോട് ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് സുധാകരന്റെ വിമര്‍ശനം.

അതേസമയം തലശ്ശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത ബി.ജെ.പി ജില്ലാ നേതൃത്വത്തെ തള്ളി വി. മുരളീധരന്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ പിന്തുണ പ്രഖ്യാപിച്ച ആള്‍ക്ക് തന്നെ ബി.ജെ.പി വോട്ട് നല്‍കുമെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.

വളരെ വ്യക്തമായി ബി.ജെ.പി ഇക്കാര്യത്തില്‍ നിലപാട് പറഞ്ഞിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതിന് അപ്പുറത്തായി ഇനി ഇക്കാര്യത്തില്‍ ഒന്നും പറയേണ്ടതില്ല.

സി.ഒ.ടി നസീറിന് പിന്തുണ നല്‍കുമെന്നാണോ എന്ന ചോദ്യത്തിന് സംസ്ഥാന പ്രസിഡന്റ് അതാണല്ലോ പറഞ്ഞത് എന്നായിരുന്നു മുരളീധരന്റെ മറുപടി. ബി.ജെ.പിയില്‍ ഏതായാലും ജില്ലാ നേതൃത്വത്തേക്കാള്‍ വലുത് സംസ്ഥാന പ്രസിഡന്റ് ആണെന്നും വി.മുരളീധരന്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ്-ബി.ജെ.പി സഖ്യത്തിന്റെ ധാരണയാണ് ഇതിലൂടെ പുറത്തുവരുന്നതെന്നായിരുന്നു ഈ വിഷയത്തില്‍ സി.പി.ഐ.എം നേതാവ് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചത്.

തലശ്ശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ബി.ജെ.പി ജില്ലാ നേതൃത്വം ഇന്ന് രാവിലെയാണ് വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്. നേരത്തെ തലശ്ശേരിയില്‍ ബി.ജെ.പിയുടെ പിന്തുണ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞതല്ലാതെ ബി.ജെ.പി തങ്ങളുമായി സഹകരിക്കുന്നില്ലെന്ന ആരോപണവുമായി സി.ഒ.ടി നസീറും മുന്നോട്ട് വന്നിരുന്നു. ബി.ജെ.പി സഹകരിക്കാത്ത പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ വോട്ട് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഈ വിവാദങ്ങള്‍ക്കിടയിലാണ് തലശ്ശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ജില്ലാ നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത്. ബി.ജെ.പിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ചുമതലയുള്ള വിനോദാണ് തലശ്ശേരിയില്‍ മനസാക്ഷി വോട്ട് എന്നതാണ് ബി.ജെ.പിയുടെ നിലപാടെന്ന് വ്യക്തമാക്കിയത്.

സി.ഒ.ടി നസീറിന് വോട്ട് ചെയ്യണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ തലശ്ശേരിയിലെ പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പ് ഉയര്‍ത്തുകയും സി.ഒ.ടി നസീറിന് വോട്ട് ചെയ്യില്ലെന്ന് പറയുകയും ചെയ്തിരുന്നു.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.ഷംസീര്‍ പറയുന്നത് മണ്ഡലത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒന്നിച്ചാല്‍ പോലും 50 ശതമാനം വോട്ട് തനിക്ക് ലഭിക്കുമെന്നാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും തലശ്ശേരിയില്‍ വലിയ ആത്മവിശ്വാസത്തിലാണ്.

സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവും, നഗരസഭാ കൗണ്‍സിലറും ആയിരുന്നു സി.ഒ.ടി നസീര്‍.2016ല്‍ കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ മണ്ഡലമാണ് തലശേരി. 22,125 വോട്ടുകളാണ് ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച സജീവന്‍ അന്ന് ഇവിടെ നേടിയത്. ഇവിടെയാണ് ജില്ലാ പ്രസിഡന്റ് കൂടിയായ എന്‍. ഹരിദാസിന്റെ പത്രിക തളളിയത്.

ബി.ജെ.പി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയായതിനാലാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റിനെ തന്നെ രംഗത്തിറക്കാന്‍ തീരുമാനിച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: K Sudhakaran  On Bjp Conscience Votes

We use cookies to give you the best possible experience. Learn more