കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാക്കിയതിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. മോന്‍സണിന്റെ മുന്‍ ജീവനക്കാരന്‍ ജെയ്സണിനും കേസിലെ പരാതിക്കാരന്‍ അനൂപ് മുഹമ്മദിനുമൊപ്പം സുധാകരന്‍ നില്‍ക്കുന്ന ഫോട്ടോകളാണ് പുറത്തുവന്നത്.
ഒന്നാം പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ വെച്ച് പരാതിക്കാരെ ദൂരെ നിന്ന് മാത്രമാണ് കണ്ടതെന്നാണ് സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ജെയ്സണിനൊപ്പം സെല്‍ഫിയെടുക്കുന്ന ചിത്രവും അനൂപിന്റെ അടുത്തിരിക്കുന്ന ചിത്രവുമാണ് ദേശാഭിമാനി പുറത്തുവിട്ടത്.
മോന്‍സണിന്റെ വീട്ടില്‍ വെച്ച് ഒരു തവണ പരാതിക്കാരനെയും ജീവനക്കാരെയും ദൂരെനിന്ന് കണ്ടു എന്നാണ് കെ. സുധാകരന്‍ ചൊവ്വാഴ്ച പറഞ്ഞത്. ഇവര്‍ അകലെ മാറി സോഫയില്‍ ഇരിക്കുകയായിരുന്നുവെന്നും ഇവരുമായി താന്‍ സാംസാരിച്ചിട്ടില്ലെന്നും സുധാകരന്‍ അവകാശപ്പെട്ടിരുന്നു.
സുധാകരനെ മോന്‍സണുമായി പരിചയപ്പെടുത്തിയ എബിനൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കേസിലെ പരാതിക്കാരന്‍ കോഴിക്കോട് സ്വദേശി എം.ടി. ഷെമീര്‍ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും റിപ്പോര്‍ട്ടുണ്ട്.
സുധാകരന്‍ പണം വാങ്ങുന്നത് കണ്ടതായി, മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജിത്തും മറ്റ് രണ്ട് ജീവനക്കാരായ ജെയ്സണും ജോഷിയും കോടതിയില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. തൃശൂര്‍ സ്വദേശി അനൂപ് മുഹമ്മദ് മോന്‍സണിന് 25 ലക്ഷം രൂപ നല്‍കിയിരുന്നു.
ഇതിന് സുധാകരന്‍ ഇടനില നിന്നുവെന്നാണ് പരാതിയിലുള്ളത്. അനൂപ് പോയ ശേഷം ഇതില്‍ നിന്ന് മോന്‍സണ്‍ സുധാകരന് 10 ലക്ഷം രൂപ കൈമാറിയെന്നാണ് മൊഴികള്‍.