| Friday, 13th May 2022, 9:24 am

എല്‍.ഡി.എഫിലേക്ക് പോകുന്നില്ല, സുധാകരന്‍ പറഞ്ഞത് നുണ: കെ.വി. തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കെ.പി.സി.സി നടപടിയില്‍ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയാലും കോണ്‍ഗ്രസ് ഒരു വികാരവും സംസ്‌കാരവുമാണ്. ഇടതു മുന്നണിയില്‍ ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടത് എ.ഐ.സി.സിയാണ്. എ.ഐ.സി.സിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ നുണ പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വികസനത്തിനൊപ്പമാണ് താന്‍ നിലനില്‍ക്കുന്നതെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കൊപ്പമാണ് താന്‍ എന്നും നിലകൊണ്ടിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

‘എന്നെ പുറത്താക്കേണ്ടത് എ.ഐ.സി.സിയാണ്. എന്നാല്‍, എ.ഐ.സി.സിയുടെ അറിയിപ്പ് എനിക്ക് ലഭിച്ചിട്ടില്ല. എ.ഐ.സി.സിയുടെ ഇ-മെയില്‍ വന്നിട്ടില്ല. എന്നെ പുറത്താക്കിയെന്ന സുധാകരന്റെ പ്രസ്താവന നുണയാണ്-കെ.വി തോമസ് കുറ്റപ്പെടുത്തി. ഞാന്‍ എല്‍.ഡി.എഫിലേക്ക് പോകുന്നില്ല. അവര്‍ക്ക് പാര്‍ട്ടിയുടെ ഉള്ളില്‍നിന്നോ പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പില്‍നിന്നോ എന്നെ മാറ്റാം. കോണ്‍ഗ്രസ് ഒരു സംസ്‌കാരവും വികാരവുമാണ്. അതില്‍നിന്ന്, അതിന്റെ കാഴ്ചപ്പാടില്‍നിന്നോ ചിന്താഗതിയില്‍നിന്നോ എന്നെ എങ്ങനെ മാറ്റാന്‍ പറ്റും?’അദ്ദേഹം ചോദിച്ചു.

”ഇവിടെ ചിലര്‍ സംഘടനയുടെ ചട്ടങ്ങളും ചിട്ടകളും തകര്‍ക്കുകയാണ്. ഇപ്പോള്‍ ചിന്തന്‍ ശിബിര്‍ നടക്കുന്നു. എന്താണ് അതിന്റെ മാനദണ്ഡം? വഴിപോക്കരെയൊക്കെയാണോ അതിലേക്ക് വിളിക്കുന്നത്? സംഘടനയെ ഹൈജാക്ക് ചെയ്ത് കുറേയാളുകള്‍ എത്തിയിട്ടുണ്ട്. ഇതെല്ലാം കോണ്‍ഗ്രസ് പ്രസ്ഥാനത്തെ രക്ഷപ്പെടുത്തുമെന്ന് എനിക്ക് തോന്നുന്നില്ല. പാര്‍ട്ടിയുടെ ഊര്‍ജം നഷ്ടപ്പെട്ടിരിക്കുന്നു. ചിട്ടയും വട്ടങ്ങളും നഷ്ടമായിരിക്കുന്നു. കോണ്‍ഗ്രസിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രഗത്ഭരെല്ലാം വിട്ടുപോയി പാര്‍ട്ടി ശുഷ്‌ക്കമായി. കോണ്‍ഗ്രസ് ഒരു അസ്തികൂടമായി മാറിയിരിക്കുന്നു.”

എന്റെ ചിന്താഗതി വ്യത്യസ്തമാണ്. ഞാന്‍ വികസനത്തിനൊപ്പമാണ് നിന്നത്. ജനകീയ പ്രശ്നങ്ങള്‍ക്കൊപ്പമാണ് നിന്നത്. പാലാരിവട്ടം പാലം ഉമ്മന്‍ചാണ്ടിയുടെ കാലത്ത് തുടങ്ങി ഗതാഗതയോഗ്യമാക്കിയത് പിണറായിയാണ്. വൈറ്റിലയില്‍ കല്ലിട്ടപ്പോള്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം ഞാനുണ്ടായിരുന്നു. ആ കല്ലിട്ടതല്ലാതെ വേറെ ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല. മേല്‍പ്പാലമുണ്ടാക്കി അത് പൂര്‍ത്തിയാക്കിയത് പിണറായിയുടെ കാലത്താണെന്നും കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന പ്രസ്താവനയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ രംഗത്തെത്തിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് എ.ഐ.സി.സി.യുടെ അംഗീകാരത്തോടെയാണ് നടപടിയെന്നും കെ. സുധാകരന്‍ അറിയിച്ചിരുന്നു.

വ്യാഴാഴ്ച തൃക്കാക്കര മണ്ഡലത്തിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കെ.വി. തോമസ് പങ്കെടുത്തതിന് പിന്നാലെയായിരുന്നു നടപടി.

Content Highlight: K. Sudhakaran is lying, will not join LDF says KV Thomas

We use cookies to give you the best possible experience. Learn more