തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഇതുപോലൊരു മുഖ്യ മന്ത്രി ഇന്ത്യ രാജ്യത്ത് ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഉണ്ടോയെന്നും പച്ച നോട്ട് കണ്ടാൽ ഇളിച്ച് നിൽക്കുന്നൊരു മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളതെന്നും പറഞ്ഞായിരുന്നു അധിക്ഷേപം.
‘കേരളത്തിലോ ഇന്ത്യ രാജ്യത്തോ ഇത് പോലൊരു മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ടോ? പച്ച നോട്ട് കണ്ടാൽ പച്ചക്ക് ഇളിച്ച് നിൽക്കുന്ന ഒരു കോന്തൻ മുഖ്യമന്ത്രി ഈ സംസ്ഥാനത്തിന് ഭാരമാണ്, അപമാനമാണ്. സ്വന്തം മകളുടെ പേരിലാണ് അയാൾ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. അതിന്റെ രേഖകൾ കാണിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. അത് നിഷേധിക്കുകയോ പത്രക്കാരെ കാണുകയോ പോലും മുഖ്യമന്ത്രി ചെയ്തില്ല. ഈ മുഖ്യമന്ത്രിയെക്കുറിച്ച ഞാൻ ലജ്ജിക്കുന്നു. എന്റെ ജില്ലയിൽ നിന്നാണ് ഇത്തരത്തിൽ ഒരു മുഖ്യമന്ത്രി വന്നത് എന്നതിൽ എനിക്ക് ലജ്ജയുണ്ട്.
അദ്ദേഹത്തിന്റെ മകളുടെ അക്കൗണ്ട് വിവരങ്ങൾ പുറത്ത് വന്നു എന്നിട്ടും ഇപ്പോഴും കൈക്കൂലി വാങ്ങി ജീവിക്കുന്ന ഈ മുഖ്യനെ പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് ജനങ്ങൾക്കേ സാധിക്കു. ഒരു തെരഞ്ഞെടുപ്പ് വന്നാൽ പിണറായി വിജയന്റെ പാർട്ടി കേരളത്തിൽ നിലം തൊടില്ലെന്ന കാര്യത്തിൽ സംശയം ഇല്ല,’ അദ്ദേഹം പറഞ്ഞു.
അതോടൊപ്പം പത്ത് വർഷം മുമ്പ് വന്നിരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ന് വയനാട്ടിൽ ഇത്തരത്തിൽ ഒരു അപകടം ഉണ്ടാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭ്രാന്ത് പിടിച്ച ഒരു സർക്കാരിനെതിരെയാണ് നാം പ്രതികരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.