കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. പുല്ലും ‘പുലയാട്ടും’ പറയുന്ന മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടതില്ല എന്നാണ് കെ. സുധാകരന്‍ പറഞ്ഞത്. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് തിരുവനന്തപുരം കോവളത്ത് സി.പി.ഐ.എം. പൊതുയോഗത്തില്‍ കെ.സുധാകരന്‍ ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നിന്നതിനെ പരാമര്‍ശിച്ച് കൊണ്ട് മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് സുധാകരന്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്.
ആര്‍.എസ്.എസ്. നേതാവ് ഗോള്‍വാര്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ പോയി തലകുനിക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്, ഗോള്‍വാര്‍ക്കറുടെ മുന്നില്‍ പോകേണ്ട കാര്യം ഒരു കോണ്‍ഗ്രസുകാരനുമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘നാടന്‍ ഭാഷയില്‍ പുല്ലും പുലയാട്ടും പറയുക എന്നൊരു പ്രയോഗമുണ്ട്. മലബാറിലൊക്കെ അങ്ങനെയൊരു പ്രയോഗമുണ്ട്. ഈ പുല്ലും പുലയാട്ടും പറയുന്ന പിണറായി വിജയന്റെ അപക്വമായ സംസാരത്തിനും പെരുമാറ്റത്തിനും മറുപടി പറയാന്‍ സാധിക്കില്ല’ എന്നായിരുന്നു കെ. സുധാകരന്റെ വാക്കുകള്‍.
മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നത് ബി.ജെ.പിയാണെന്നും കെ.സുധാകരന്‍ പറഞ്ഞു. എസ്. ശിവശങ്കര്‍ ജയിലിലായിട്ടും മുഖ്യമന്ത്രി രക്ഷപ്പെട്ടത് ബി.ജെ.പിയുമായുള്ള ധാരണയുടെ പുറത്താണെന്നും സ്വര്‍ണക്കടത്ത് കേസും കെ. സുരേന്ദ്രന്റെ കള്ളപ്പണക്കേസുമെല്ലാം സി.പി.ഐ.എം- ബി.ജെ.പി ബന്ധത്തിന്റെ പുറത്ത് ഒത്തുതീര്‍പ്പിലെത്തിയതാണെന്നും കെ. സുധാകരന്‍ പറഞ്ഞു.
കേരളത്തില്‍ അനേകം ഇടതുപക്ഷ മുഖ്യമന്ത്രിമാര്‍ ഉണ്ടായിട്ടുണ്ടെന്നും അവരെയൊന്നും ഇത്തരത്തില്‍ വിമര്‍ശിച്ചിട്ടില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. പിണറായി വിജയന്‍ ഇടതുപക്ഷമാണെന്ന് പറയാന്‍ ഇടതുപക്ഷത്തുള്ളവര്‍ക്ക് തന്നെ കഴിയില്ലെന്നും കണ്ണൂരില്‍ ഉള്‍പ്പടെ സി.പി.ഐ.എമ്മിനുള്ളില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അമര്‍ശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് വൈകീട്ട് കോവളത്ത് നടന്ന സി.പി.ഐ.എം. പൊതുയോഗത്തില്‍ മുഖ്യമന്ത്രി സി.പി.ഐ.എം-ആര്‍.എസ്.എസ് ബന്ധമെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ ആര്‍.എസ്.എസ്. ബന്ധത്തെ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ആര്‍.എസ്.എസിനെ പ്രീണിപ്പിക്കേണ്ട ഒരു ഘട്ടം സി.പി.ഐ.എമ്മിനുണ്ടായിട്ടില്ലെന്നും ആര്‍.എസ്.എസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജീവന്‍ നഷ്ടപ്പെട്ടവരുടെ പാര്‍ട്ടിയാണ് സി.പി.ഐ.എം എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നാലെ ആര്‍.എസ്.എസ്. ശാഖക്ക് കാവല്‍ നിന്നിരുന്നു എന്ന് അഭിമാനപൂര്‍വം പറഞ്ഞയാളാണ് കെ.പി.സി.സി അധ്യക്ഷനെന്നും അദ്ദേഹം പറഞ്ഞിരുന്നു.
content highlights: K. Sudhakaran insulted Chief Minister Pinarayi Vijayan