| Thursday, 17th December 2020, 3:11 pm

രാജി സൂചിപ്പിച്ച് കെ. സുധാകരന്‍; വര്‍ക്കിങ് പ്രസിഡന്റായി തുടരാന്‍ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചേക്കുമെന്ന സൂചന നല്‍കി കെ. സുധാകരന്‍ എം.പി. ഈ സ്ഥിതി ആണെങ്കില്‍ വര്‍ക്കിങ് പ്രസിഡന്റായി തുടരാന്‍ താത്പര്യമില്ലെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

സി.പി.ഐ.എമ്മിനെയും ബി.ജെ.പിയെയും നേരിടാനുള്ള സംഘടന ശക്തി കോണ്‍ഗ്രസിനില്ല. പാര്‍ട്ടിയില്‍ സംഘടന തെരഞ്ഞെടുപ്പ് നടക്കണം. കോണ്‍ഗ്രസില്‍ ജനാധിപത്യം പുനസ്ഥാപിക്കണം. ജനങ്ങളോട് ബാധ്യതയുള്ളവരാകണം നേതാക്കള്‍ എന്നും സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തനത്തിന് യു.ഡി.എഫിന് വോളന്റിയര്‍മാരില്ല. കൊവിഡ് സമയത്ത് ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ സി.പി.ഐ.എമ്മിന് അവസരം ലഭിച്ചു. എന്നാല്‍ കോണ്‍ഗ്രസിന് അത് സാധിച്ചില്ല.

കെ.പി.സി.സി പ്രസിഡന്റ് മാറണോ വേണ്ടയോ എന്ന് ഹൈക്കമാന്റ് പറയും. താനായിരുന്നു കെ.പി.സി.സി പ്രസിഡന്റെങ്കില്‍ ഇതാകില്ലായിരുന്നു തെരഞ്ഞെടുപ്പ് ഫലം.

പ്രശ്‌നങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കാന്‍ അടുത്താഴ്ച ദല്‍ഹിയിലേക്ക് പോകും. ഇതു പോലെയാണെങ്കില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റായി തുടരാന്‍ താല്‍പര്യമില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

തിരുവനന്തപുരത്തെ ബി.ജെ.പിയുടെ വളര്‍ച്ച കോണ്‍ഗ്രസിന്റെ വലിയ വീഴ്ചയാണ്. ശുപാര്‍ശകള്‍ക്കും വ്യക്തിതാത്പര്യങ്ങള്‍ക്കും അതീതമായി നേതൃനിര വേണം. അഴിച്ചുപണിക്ക് ഹൈക്കമാന്‍ഡ് തന്നെ നേരിട്ട് ഇടപെടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

കെ.പി.സി.സി തലത്തിലും ജില്ലാതലത്തിലും അടിമുടി മാറ്റം വേണം. നേതാക്കള്‍ ജില്ല സംരക്ഷിക്കണം. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ജില്ലയില്‍ കോണ്‍ഗ്രസ് പിന്നിലായതില്‍ ആത്മപരിശോധന വേണം.

ഇത്തവണ താന്‍ മറ്റിടങ്ങളില്‍ പോകാതിരുന്നത് സ്വന്തം ജില്ല സംരക്ഷിക്കാന്‍ വേണ്ടിയാണ്. സ്വന്തം ജില്ലയില്‍ റിസള്‍ട്ട് ഉണ്ടാക്കാത്ത നേതാവിന് കേരള രാഷ്ട്രീയത്തില്‍ പ്രസക്തിയില്ല എന്ന് തനിക്കറിയാമെന്നും സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിയിലും മുന്നണിയിലും അനൈക്യം തിരിച്ചടിയായി. കല്ലാമലയില്‍ അപമാനിക്കപ്പെട്ടുവെന്ന തോന്നല്‍ ആര്‍.എം.പിക്കുണ്ടായത് തിരിച്ചടിയായി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം ഗുണം ചെയ്തു. അവരോട് നന്ദിയുണ്ട്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ മുല്ലപ്പള്ളി പറയുന്ന അഭിപ്രായങ്ങള്‍ കോണ്‍ഗ്രസിന്റേതല്ലെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി ഗ്രൂപ്പ് മുന്നണി വിട്ടത് ദുരന്തമായെന്നും മാണി കോണ്‍ഗ്രസിനെ പുറത്താക്കിയത് മധ്യകേരളത്തില്‍ വലിയ ദുരന്തമാണ് ഉണ്ടാക്കിയതെന്നും സുധാകരന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more