തിരുവനന്തപുരം: രക്തസാക്ഷികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. യാഥാര്‍ത്ഥ്യം തുറന്നുപറഞ്ഞതിന് പാംപ്ലാനിയെ സി.പി.ഐ.എം വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കണ്ണൂരില്‍ സി.പി.ഐ.എം രക്തസാക്ഷികളെ കൊണ്ടുവരുന്നതിനെക്കുറിച്ചാണ് പാപ്ലാനി പറഞ്ഞതെന്നും ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന കൊള്ളേണ്ടിടത്ത് കൊണ്ടതുകൊണ്ടാണ് അക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ സി.പി.ഐ.എം വളഞ്ഞിട്ട് അക്രമിക്കുന്നത് അദ്ദേഹത്തിന്റെ പ്രസ്താവന കൊള്ളേണ്ടിടത്ത് കൊണ്ടതുകൊണ്ടാണ്.
കണ്ണൂരില്‍ സി.പി.ഐ.എം രക്തസാക്ഷികളായി കൊണ്ടാടുന്നവരെ സംബന്ധിച്ച യഥാര്‍ത്ഥ വസ്തുതകളും അവരെ ബലികൊടുത്തത് ആരാണെന്നും എന്തിനാണെന്നും അറിയാം. ഇതു സംബന്ധിച്ച് ഒരു പരസ്യസംവാദത്തിന് സി.പി.ഐ.എം തയാറാണോയെന്നും സുധാകരന്‍ ചോദിച്ചു,’ സുധാകരന്‍ പറഞ്ഞു.
അതേസമയം, രാഷ്ട്രീയ രക്തസാക്ഷികള്‍ കണ്ടവനോട് അനാവശ്യമായി കലഹിക്കാന്‍ പോയി മരിച്ചവരാണെന്നും ചിലര്‍ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് വീണ് മരിച്ചവരാണെന്നുമാണ് പാംപ്ലാനി കഴിഞ്ഞ ദിവസം പറഞ്ഞത്. കണ്ണൂര്‍ ചെറുപുഴയില്‍ നടന്ന കെ.സി.വൈ.എം യുവജന ദിനാഘോഷ പരിപാടിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.