തിരുവനന്തപുരം: കാര്‍ഷിക നിയമം പിന്‍വലിക്കുമെന്ന പ്രഖ്യാപനം മോദിയുടെ പടിയിറക്കം ആരംഭിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍.
പിന്‍വലിക്കാനല്ല നടപ്പിലാക്കാനാണ് ബില്‍ കൊണ്ടുവന്നതെന്ന ബി.ജെ.പിയുടെ വെല്ലുവിളി കര്‍ഷക പ്രതിഷേധത്തിന് മുന്നില്‍ ഒലിച്ചു പോയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ് കുതിര ശക്തിയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഖിപൂരില്‍ ചിതറി വീണ ചോരത്തുള്ളികള്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ അടിത്തറ ഇളക്കുമെന്ന തിരിച്ചറിവാണ് ഈ മനം മാറ്റത്തിന് കാരണം. യു.പി ഇന്ന് ഇളകി മറിയുകയാണ്. പതിനായിരങ്ങളാണ് പ്രിയങ്കയെ കേള്‍ക്കാന്‍ ഒഴുകിയെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഫാസിസം വളരും. ഇതൊരു തുടക്കമാണ് നരേന്ദ്ര മോദിയെന്ന ഏകാധിപതിയുടെ. അമിത് ഷാ എന്ന അഹങ്കാരിയുടെ പടിയിറക്കത്തിന്റെ തുടക്കം,’ സുധാകരന്‍ എഴുതി.
ഗുരു നാനാക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അടുത്ത മാസം ചേരുന്ന കാബിനറ്റ് യോഗത്തില്‍ ഔദ്യോഗികമായി തീരുമാനം കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
വ്യാപകമായി എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ മൂന്ന് നിയമങ്ങളും പിന്‍വലിക്കുകയാണെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നുമായിരുന്നു മോദി പറഞ്ഞത്.
കര്‍ഷകരെ നിയമങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്നും കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതില്‍ ക്ഷമ ചോദിക്കുന്നെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
കെ. സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മോഡിയുടെ പടിയിറക്കം.
കാര്‍ഷിക മാരണ നിയമം പിന്‍വലിക്കുമെന്ന പ്രഖ്യാപനം മോഡിയുടെ പടിയിറക്കം ആരംഭിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ്. പിന്‍വലിക്കാനല്ല നടപ്പിലാക്കാനാണ് ബില്‍ കൊണ്ടുവന്നതെന്ന ബി.ജെ.പിയുടെ വെല്ലുവിളി കര്‍ഷക പ്രതിഷേധത്തിന് മുന്നില്‍ ഒലിച്ചുപോയി.
ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി കര്‍ഷക ജനത നടത്തിയ പോരാട്ടം വിവരണാതീതം. ഐതിഹാസികം!
കടുത്ത ചൂട്, ശരീരം കോച്ചുന്ന തണുപ്പ്, മണല്‍ കാറ്റ്… സമരഭൂവില്‍ അവസാനിച്ചു പോയവര്‍ 750ല്‍ ഏറെ. ലഖിപൂരില്‍ നടന്ന കൂട്ടക്കൊല രാജ്യത്തെ നടുക്കി.
നാടും വീടും വിട്ട്, നിരന്തരം വെല്ലുവിളികള്‍, ജീവന്‍ നിലനിര്‍ത്താന്‍ മാത്രമുള്ള ഭക്ഷണം…കൊടും വേനലും അതി ശൈത്യവും…. സമാനതകളില്ലാത്ത ത്യാഗം സഹിച്ചു സമരത്തില്‍ അണിനിരന്നവര്‍ അവരുടെ പോരാട്ട വീര്യത്തെ രാജ്യം അഭിവാദ്യം ചെയ്യുന്നു. നിങ്ങളെ ഈ നാട് നമിക്കുന്നു. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എല്ലാ പോരാളികളെയും ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുന്നു.
ലഖിപൂരില്‍ ചിതറി വീണ ചോരത്തുള്ളികള്‍ ഉത്തര്‍പ്രദേശില്‍ ബിജെപി യുടെ അടിത്തറ ഇളക്കുമെന്ന തിരിച്ചറിവാണ് ഈ മനം മാറ്റത്തിന് കാരണം.
യു.പി ഇന്ന് ഇളകി മറിയുകയാണ്.. .പതിനായിരങ്ങളാണ് പ്രിയങ്കയെ കേള്‍ക്കാന്‍ ഒഴുകിയെത്തുന്നത്… രാജ്യത്തിനു ഭാവിയുടെ പ്രതീക്ഷയായി നിങ്ങള്‍ മാറിക്കഴിഞ്ഞു. ഫാസിസം തകരണമെങ്കില്‍ കോണ്‍ഗ്രസ് വളരണം.
കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഫാസിസം വളരും.
ഇതൊരു തുടക്കമാണ് നരേന്ദ്ര മോദിയെന്ന ഏകാധിപതിയുടെ. അമിത് ഷാ എന്ന അഹങ്കാരിയുടെ പടിയിറക്കത്തിന്റെ തുടക്കം.
കോണ്‍ഗ്രസ് കുതിര ശക്തിയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു!
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: K Sudhakaran has said that the announcement of the repeal of the Agriculture Act is an indication that Modi’s resignation has begun