തിരുവനന്തപുരം: സര്‍ക്കാരും ബി.ജെ.പിയും തമ്മിലെ അവിഹിത രാഷ്ട്രീയ ബന്ധത്തിന്റെ ദല്ലാളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഗവര്‍ണര്‍ സ്ഥാനത്തിരിക്കാന്‍ ഒരര്‍ഹതയുമില്ലാത്ത വ്യക്തിയാണ് അദ്ദേഹമെന്നും അങ്ങനെ പറയുന്നതില്‍ ദുഖമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
‘കേരളത്തില്‍ ഇങ്ങനെയൊരു ഗവര്‍ണറെ ഇതുവരെ ആരും കണ്ടിട്ടില്ല. പറയുന്ന കാര്യത്തില്‍ എന്തെങ്കിലുമൊരു അഭിപ്രായ സ്ഥിരത വേണ്ടേ. വലിയ കാര്യം പോലെ പറയും. പക്ഷേ അവസാനം അതൊക്കെ സറണ്ടര്‍ ചെയ്യും.
സര്‍ക്കാരും ബി.ജെ.പിയും തമ്മിലെ അവിഹിത രാഷ്ട്രീയ ബന്ധത്തിന്റെ ദല്ലാളാണ് ഈ ഗവര്‍ണര്‍,’ സുധാകരന്‍ വിമര്‍ശിച്ചു.
ഗവര്‍ണറുടെ പടപ്പുറപ്പാട് കണ്ടാല്‍ എന്തെങ്കിലുമൊക്കെ ചെയ്യുമെന്ന് തോന്നുമെങ്കിലും അത് ദിവസങ്ങളും മണിക്കൂറുകള്‍ കൊണ്ട് കെട്ടടങ്ങും. നട്ടെല്ലില്ലാത്ത ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം കേള്‍ക്കാതിരിക്കുന്നതാണ് നല്ലതെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, വിലപേശലുകള്‍ക്കൊടുവിലാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവെച്ചത്. പൊതുഭരണ സെക്രട്ടറിയെ മാറ്റിയതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ നടപടി.
പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെയാണ് തല്‍സ്ഥാനത്ത് നിന്ന് മാറ്റിയത്.
ഗവര്‍ണറുടെ അഡീഷണല്‍ പി.എ. സ്ഥാനത്ത് ഹരി എസ്. കര്‍ത്തയുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവില്‍ ജ്യോതിലാല്‍ വെച്ച കത്താണ് ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്. പ്രകടമായ രാഷ്ട്രീയ ബന്ധമുള്ളവരെ രാജ്ഭവനില്‍ നിയമിക്കുന്നതിലെ അഭിപ്രായ ഭിന്നതയാണ് ഈ കത്തിലുണ്ടായിരുന്നത്.
പൊതുഭരണ സെക്രട്ടറിയായ കെ.ആര്‍. ജ്യോതിലാലിനെ മാറ്റി പകരം ശാരദാ മുരളീധരനെ സെക്രട്ടറിയായി നിയമിച്ചു. മാറ്റം സര്‍ക്കാര്‍ ഔദ്യോഗികമായി രാജ്ഭവനെ അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തിയത്.