| Monday, 14th December 2020, 2:10 pm

കണ്ണൂരില്‍ സി.പി.ഐ.എമ്മിന്റെ കള്ളവോട്ടെന്ന് സുധാകരന്‍; ആന്തൂരില്‍ പോളിംഗ് ഉയര്‍ന്നത് ഇതുകൊണ്ടെന്നും ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സി.പി.ഐ.എമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി കെ. സുധാകരന്‍ എം.പി കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ പോളിംഗ് ശതമാനം ഉയരാന്‍ കാരണം കള്ളവോട്ടുകളാണെന്നാണ് കെ.സുധാകരന്‍ ആരോപിച്ചത്.

പല പഞ്ചായത്തുകളിലും യു.ഡി.എഫ് ബൂത്ത് ഏജന്റ്മാരെ ഇരിക്കാന്‍ പോലും സി.പി.ഐ.എമ്മുകാര്‍ സമ്മതിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. എങ്കില്‍പ്പോലും കണ്ണൂരില്‍ യു.ഡി.എഫ് വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

ഇടത് ശക്തികേന്ദ്രമായ ആന്തൂരിലാണ് മൂന്നാംഘട്ടത്തില്‍ നഗരസഭകളിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ മുതല്‍ തന്നെ വലിയ ആള്‍ത്തിരക്കാണ് നഗരസഭയിലെ എല്ലാ ബൂത്തിന് മുന്നിലും ഉള്ളത്. 22 ഡിവിഷനിലാണ് ഇവിടെ വോട്ടിംഗ് നടക്കുന്നത്.

ആദ്യ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ അമ്പത് ശതമാനത്തോളം പോളിംഗ് എല്ലാ ഡിവിഷനിലും രേഖപ്പെടുത്തിയിരുന്നു.

ആന്തൂരില്‍ എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരത്തില്‍ കനത്ത പോളിംഗ് ആണ് രേഖപ്പെടുത്താറുള്ളത്. മിക്ക ബൂത്തുകളിലും 90 ശതമാനത്തിന് മുകളിലും ചില ബൂത്തുകളില്‍ 99 ശതമാനം വരെയൊക്കെ പോളിംഗ് രേഖപ്പെടുത്തിയ ചരിത്രം ആന്തൂരിലെ ബൂത്തുകള്‍ക്ക് ഉണ്ട്.

ആകെ ഡിവിഷനില്‍ ആറിടത്ത് എല്‍.ഡി.എഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. അയ്യങ്കോല്‍ ഡിവിഷനില്‍ മാത്രമാണ് രാഷ്ട്രീയ മത്സരം നടക്കുന്നത്. ഇവിടെ ലീഗ് സ്ഥാനാര്‍ത്ഥി മത്സര രംഗത്ത് ഉണ്ട്. 15 സീറ്റില്‍ ബി.ജെ.പി മത്സരിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Sudhakaran Fake Vote Allegation Against CPIM

We use cookies to give you the best possible experience. Learn more