| Sunday, 21st May 2023, 1:07 pm

ഞങ്ങള്‍ തടയുകയല്ലേ ചെയ്തുള്ളൂ, സി.പി.ഐ.എം. ആയിരുന്നെങ്കിലോ?: സമരത്തിനിടക്ക് ജീവനക്കാരിയെ തടഞ്ഞതിനെ ന്യായീകരിച്ച് കെ.സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം യു.ഡി.എഫ് നടത്തിയ സെക്രട്ടേറിയേറ്റ് വളയല്‍ സമരത്തിനിടയില്‍ സെക്രട്ടേറ്റിയേറ്റ് ജീവനക്കാരിയെ തടഞ്ഞ സംഭവത്തെ ന്യായീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. തടയുക മാത്രമാണ് ചെയ്തതെന്നും തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും കെ.സുധാകരന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യു.ഡി.എഫ് പ്രവര്‍ത്തകര്‍ ശബ്ദം ഉയര്‍ത്തി സംസാരിക്കുകയാണ് ചെയ്തതെന്നും സി.പി.ഐ.എം ആയിരുന്നെങ്കില്‍ തെറിവിളിക്കുകയാണ് ചെയ്യുക എന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. സമരം നടക്കുമ്പോള്‍ ആരെയാണെങ്കിലും തടയുമെന്നും അത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

‘സമരമുഖത്ത് നില്‍ക്കുമ്പോള്‍ നമ്മള്‍ സ്റ്റാഫിനെ ജോലി ചെയ്യാന്‍ അകത്തേക്ക് കടത്തിവിടുമോ? കടത്തിവിടുന്ന പതിവുണ്ടോ? സി.പി.ഐ.എമ്മോ ഇടതുപക്ഷമോ ചെയ്യുമോ, ഞങ്ങള്‍ ആയത് കൊണ്ട് അവര്‍ നടന്നുപോയി. മറ്റവരാണെങ്കില്‍ നമ്മുടെ ആളുകളുടെ കാല്‍ പോയേനെ. രണ്ടും വ്യത്യാസമുണ്ട് ഒരുപാട്. നമ്മള്‍ വിലക്കി, തടഞ്ഞു, സത്യമാണ്.വേറൊന്നും ചെയ്തില്ലല്ലോ? കയ്യേറ്റം ചെയ്തില്ല, ദ്രോഹിച്ചില്ല, തെറിവിളിച്ചില്ല, ഒന്നും പറഞ്ഞില്ലല്ലോ. സി.പി.ഐ.എംകാരാണെങ്കില്‍ തെറികൊണ്ട് അഭിഷേകം നടത്തിയേനെ. മോശമായി സംസാരിക്കുകയും ചെയ്തിട്ടില്ല. ശബ്ദമെടുത്ത് സംസാരിച്ചിട്ടുണ്ട്. ശബ്ദമെടുത്ത് സംസാരിക്കുന്നതെല്ലാം തെറ്റല്ല. തെറ്റായിട്ട് ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ പരിശോധിച്ചിട്ടുണ്ട്,’ കെ.സുധാകരന്‍ പറഞ്ഞു.

ഇന്നലെയായിരുന്നു യു.ഡി.എഫിന്റെ സെക്രട്ടേറിയേറ്റ് വളയല്‍ സമരം. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക ദിനത്തിലെ പ്രതിഷേധത്തിന്റെ ഭാഗമായാണ് യു.ഡി.എഫ് സമരം സംഘടിപ്പിച്ചത്. സമരത്തിനിടക്ക് സെക്രട്ടേറിയേറ്റിലേക്ക് വന്ന ഉദ്യോഗസ്ഥയെ സെക്രട്ടറിയേറ്റ് ഗേറ്റിനടുത്ത് വെച്ചാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്. ജീവനക്കാരിയും യു.ഡി.എഫ് പ്രവര്‍ത്തകരും തമ്മില്‍ വലിയ വാക്കേറ്റവും സംഭവസ്ഥലത്ത് വെച്ച് നടന്നിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വലിയ തോതില്‍ പ്രചരിക്കുകയും വാര്‍ത്തകള്‍ പുറത്ത് വരികയും ചെയ്തതോടെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ നടപടിക്കെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് കെ.പി.സി.സി പ്രസിഡന്റ് സംഭവത്തെ ന്യായീകരിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

content highlights; K. Sudhakaran defended the detention of the employee during the strike

We use cookies to give you the best possible experience. Learn more