തിരുവനന്തപുരം: കഴിഞ്ഞ ദിവസം യു.ഡി.എഫ് നടത്തിയ സെക്രട്ടേറിയേറ്റ് വളയല്‍ സമരത്തിനിടയില്‍ സെക്രട്ടേറ്റിയേറ്റ് ജീവനക്കാരിയെ തടഞ്ഞ സംഭവത്തെ ന്യായീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. തടയുക മാത്രമാണ് ചെയ്തതെന്നും തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും കെ.സുധാകരന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യു.ഡി.എഫ് പ്രവര്‍ത്തകര്‍ ശബ്ദം ഉയര്‍ത്തി സംസാരിക്കുകയാണ് ചെയ്തതെന്നും സി.പി.ഐ.എം ആയിരുന്നെങ്കില്‍ തെറിവിളിക്കുകയാണ് ചെയ്യുക എന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. സമരം നടക്കുമ്പോള്‍ ആരെയാണെങ്കിലും തടയുമെന്നും അത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയായിരുന്നു യു.ഡി.എഫിന്റെ സെക്രട്ടേറിയേറ്റ് വളയല്‍ സമരം. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക ദിനത്തിലെ പ്രതിഷേധത്തിന്റെ ഭാഗമായാണ് യു.ഡി.എഫ് സമരം സംഘടിപ്പിച്ചത്. സമരത്തിനിടക്ക് സെക്രട്ടേറിയേറ്റിലേക്ക് വന്ന ഉദ്യോഗസ്ഥയെ സെക്രട്ടറിയേറ്റ് ഗേറ്റിനടുത്ത് വെച്ചാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്. ജീവനക്കാരിയും യു.ഡി.എഫ് പ്രവര്‍ത്തകരും തമ്മില്‍ വലിയ വാക്കേറ്റവും സംഭവസ്ഥലത്ത് വെച്ച് നടന്നിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വലിയ തോതില്‍ പ്രചരിക്കുകയും വാര്‍ത്തകള്‍ പുറത്ത് വരികയും ചെയ്തതോടെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ നടപടിക്കെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് കെ.പി.സി.സി പ്രസിഡന്റ് സംഭവത്തെ ന്യായീകരിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
content highlights; K. Sudhakaran defended the detention of the employee during the strike