| Monday, 18th October 2021, 7:41 pm

സുധീരന്‍ വലിയ ആളാണെന്ന് കരുതി തോളില്‍ വെച്ച് നടക്കാനൊക്കുമോ? കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുതിര്‍ന്ന നേതാവും മുന്‍ കെ.പി.സി.സി അധ്യക്ഷനുമായ വി.എം. സുധീരനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍.

സുധീരനൊക്കെ വലിയ ആളുകളാണെന്നും അതു കരുതി അദ്ദേഹത്തെ ചുമലില്‍ വെച്ച് നടക്കാന്‍ സാധിക്കില്ലെന്നുമാണ് സുധാകരന്‍ പറഞ്ഞത്. മാതൃഭൂമിയോടായിരുന്നു സുധാകരന്റെ പ്രതികരണം.

‘സുധീരനെ പോയി കണ്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമയും ചോദിച്ചു. അത്രയേ ഞാന്‍ പഠിച്ചിട്ടുള്ളൂ, എന്നെ പഠിപ്പിച്ചിട്ടുള്ളൂ. സുധീരന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയിട്ടില്ല.

പാര്‍ട്ടിക്കകത്തു തന്നെ ഉണ്ട്,’ സുധാകരന്‍ പറഞ്ഞു. ഭാരവാഹി പട്ടികയെ സംബന്ധിച്ച് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയുണ്ടെങ്കിലും തമ്മിലടിയില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കടല്‍ നികത്തി കൈത്തോട് നിര്‍മ്മിക്കുന്ന രീതിയിലാണ് ഭാരവാഹികളുടെ എണ്ണം കുറച്ചതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

‘എല്ലാ പാര്‍ട്ടിയിലും ഗ്രൂപ്പുണ്ട്. ഗാന്ധിജിയുടെ കാലത്തും ഗ്രൂപ്പുണ്ട്. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് അനിവാര്യമാണ്. കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ഭംഗിയും ഗ്രൂപ്പാണ്,’ സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പുത്തന്‍ ഉണര്‍വിലേക്ക് പോയിരിക്കുകയാണെന്നും ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അനുകൂല കൊടുങ്കാറ്റടിക്കുകയാണെന്നും ഉത്തര്‍പ്രദേശില്‍ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പരീക്ഷ ഫലപ്രദമായി നടത്താത്തതിനാലാണ് നൂറ് ശതമാനം വിജയം ലഭിച്ചതെന്നും, കുട്ടികള്‍ ഉപരി പഠനത്തിന് സീറ്റ് കിട്ടാതെ വിഷമിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

ഈ പ്രശ്‌നം മുന്‍കൂട്ടി കാണാന്‍ കഴിയാത്തതതും പരിഹാരം കാണാത്തതും സര്‍ക്കാരിന്റെ പിടിപ്പു കേടാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

പാകപിഴകള്‍ ഉണ്ടങ്കിലും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനവുമായി സര്‍ക്കാറിനോട് പൂര്‍ണമായും സഹകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K Sudhakaran criticize VM Sudheeran

We use cookies to give you the best possible experience. Learn more