തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിനിടെ സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കേരളം സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കാലിയായി കിടക്കുന്ന ഖജനാവിനെ സാക്ഷിയാക്കി അടിമുടി ധൂര്‍ത്തുമായിട്ടാണ് സര്‍ക്കിന്റെ വാര്‍ഷികം ആഘോഷിക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികണം.
സര്‍ക്കാര്‍ കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയെന്നും സര്‍ക്കാരിന്റെ നിര്‍മിതികള്‍ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്നും സുധാകരന്‍ പറഞ്ഞു.
‘പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിര്‍മാണത്തിലെ അപാകതകള്‍ കാരണം തകര്‍ന്ന് വീഴുകയാണ്. ചെറിയ മഴ ഉണ്ടായപ്പോള്‍ തന്നെ വലിയ രീതിയില്‍ കൊട്ടിഘോഷിച്ച് കേവലം മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത ശംഖുമുഖം റോഡ് പാടെ തകര്‍ന്നിരിക്കുന്നു. സമാനമായ സാഹചര്യമാണ് സംസ്ഥാനത്തെ പല റോഡുകളിലും ഉള്ളത്. വേണമെങ്കില്‍ സര്‍ക്കാരിന് ‘റോഡിലൊരു നീന്തല്‍ക്കുളം’ പദ്ധതി പ്രഖ്യാപിക്കാവുന്ന അവസരമാണിത്.
സി.പി.ഐ.എം നേതാക്കളുടെ ഇഷ്ടക്കാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി നിര്‍മിച്ച കൂളിമാട് പാലം തകര്‍ന്നത് കഴിഞ്ഞ ദിവസമാണ്. ഇതിലും കൃത്യമായ അഴിമതി ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തം. എന്നാല്‍ ആരോപണങ്ങള്‍ ഉയരുമ്പോള്‍ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും പഴിചാരി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്,’ അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
ഊരാളുങ്കല്‍ നിര്‍മിച്ച പല കെട്ടിടങ്ങള്‍ക്കും ഇതേ അവസ്ഥയാണെന്നും, ചെമ്പൂച്ചിറ സ്‌കൂള്‍ തകര്‍ന്ന സംഭവം പൊതുമരാമത്ത് മന്ത്രിയുടെ അഴിമതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള പാലങ്ങളും റോഡുകളും സ്‌കൂള്‍ കെട്ടിടങ്ങളും ആശുപത്രികളും തകരുമ്പോള്‍ അതില്‍ അഴിമതിക്കൊപ്പം പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുള്ള ജനങ്ങളുടെ സുരക്ഷയും ചോദ്യചിഹ്നമായി ഉയരുന്നുണ്ടെന്നും പൊതുമരാമത്ത് വകുപ്പില്‍ നടക്കുന്ന അഴിമതികള്‍ മുന്‍ മന്ത്രി ജി. സുധാകരന്‍ തന്നെ തുറന്ന് വിമര്‍ശിച്ചത് ഇതൊക്കെ കൊണ്ടുതന്നെയാണെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി.
ഇവിടെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയായ മരുമകനും ചേര്‍ന്ന് കേരളത്തിന്റെ ഖജനാവ് കട്ടുമുടിക്കുകയാണ്. പരിചയസമ്പന്നരെ മാറ്റി നിര്‍ത്തി മുഖ്യമന്ത്രിയുടെ കുടുംബത്തില്‍ തന്നെ സുപ്രധാന വകുപ്പ് ആയ പൊതുമരാമത്ത് ഏല്‍പിച്ചതും പ്രവൃത്തികളെല്ലാം ഒരേ കരാറുകാര്‍ക്ക് നല്‍കുന്നതും ഗുണമേന്മയില്ലാതെ അവ പൊളിഞ്ഞു വീഴുന്നതും ഒക്കെ സംശയാസ്പദമാണ്, കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടവ ആണ്,’ പോസ്റ്റില്‍ പറഞ്ഞു.
ഇത്തരത്തില്‍ തുടര്‍ച്ചയായി അഴിമതികളുണ്ടാകുമ്പോള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ മാറ്റിനിര്‍ത്തി സത്യസന്ധമായ അന്വേഷണം നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.
Content Highlight: K Sudhakaran Criticize Chief Minister and PWD Minister