കോഴിക്കോട്: ആലപ്പുഴയിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആഭ്യന്തരവകുപ്പിന് സംഭവിച്ച വീഴ്ച്ചയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ഒരു കൊലപാതകം നടന്നു കഴിഞ്ഞപ്പോള്‍ തന്നെ തിരിച്ചടിയുണ്ടാവുമെന്ന് ഉറപ്പായിരുന്നെന്നും മുന്‍കരുതലുകള്‍ എടുക്കാന്‍ പൊലീസിനായില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ താത്പര്യം കെ റെയിലിലാണ്. ബി.ജെ.പിയുമായും എസ്.ഡി.പി.ഐയുമായും കൂട്ടുകൂടിയവരാണ് സി.പി.ഐ.എം. സര്‍ക്കാരാണ് കേരളത്തില്‍ നടക്കുന്ന കൊലാപതകങ്ങള്‍ക്ക് ഉത്തരവാദിയെന്നും കെ. സുധാകരന്‍ പറഞ്ഞു.
ആലപ്പുഴയില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാന്റെ കൊലപാതകത്തില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ രതീഷ്, പ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകരാണ് പിടിയിലായവരെന്ന് ആലപ്പുഴ എസ്.പി പറഞ്ഞു. ഗൂഢാലോചനയിലും ആസൂത്രണത്തിലുമടക്കം പങ്കെടുത്തവരാണ് പിടിയിലായതെന്ന് എസ്.പി പറഞ്ഞു.
ഇവരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഷാന്റെ കൊലപാതകത്തില്‍ ഇനി എട്ട് പേരെയാണ് പിടികൂടാനുള്ളത്.
കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഇന്ന് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. കഴിഞ്ഞദിവസം കസ്റ്റഡിയിലായ ആളുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഷാനിനെ കൊലപ്പെടുത്താനെത്തിയ സംഘത്തിന് വാഹനം നല്‍കുക മാത്രമാണ് ചെയ്തതെന്ന് അറസ്റ്റിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ രണ്ടുപേര്‍ മൊഴി നല്‍കിയിരുന്നു. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാപകമായി പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആലപ്പുഴയില്‍ ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും മണിക്കൂറുകളുടെ ഇടവേളയിലാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രിയാണ് എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തുന്നത്. വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാന്റെ പിന്നില്‍ കാര്‍ ഇടിപ്പിക്കുകയും റോഡില്‍ വീണ ഇദ്ദേഹത്തെ കാറില്‍ നിന്നിറങ്ങിയ നാലോളം പേര്‍ വെട്ടുകയുമായിരുന്നു. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആരോപണം.
ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.
ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ രണ്ട് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: K Sudhakaran criticising Pinarayi Vijayan in Alappuzha murder