| Monday, 3rd July 2023, 10:38 am

മുസ്‌ലിം ലീഗ് പറഞ്ഞോ അവരുടെ കൂടെ പോകാമെന്ന്; ഏക സിവില്‍ കോഡ് വിഷയത്തില്‍ എം.വി ഗോവിന്ദനെതിരെ കെ.സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഏക സിവില്‍ കോഡ് വിഷയത്തില്‍ മുസ്‌ലിം ലീഗുമായി സഹകരിക്കാന്‍ പ്രശ്‌നമില്ലെന്ന് പറഞ്ഞ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ലീഗും അവരും തമ്മില്‍ എവിടെയെങ്കിലും ബന്ധമുണ്ടോയെന്നും പിന്നെയെന്തിനാണ് ലീഗിന്റെ കാര്യം കൂട്ടിക്കെട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു. ലീഗുകാര്‍ സി.പി.ഐ.എമ്മിന്റെ കൂടെ പോകാമെന്ന് പറഞ്ഞിട്ടുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു.

‘അഖിലേന്ത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഏക സിവില്‍ കോഡിനെ കുറിച്ച് അഖിലേന്ത്യ തലത്തില്‍ എ.ഐ.സി.സി എടുക്കേണ്ട തീരുമാനമാണത്. ഞങ്ങള്‍ അവരുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ്. ലീഗുമായി പോലും ഒരുമിച്ച് പോകാന്‍ തയ്യാറാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞതിന് മറുപടിയില്ല. എന്ത് ലക്ഷ്യം വെച്ചാണ് അദ്ദേഹമത് പറഞ്ഞതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം. തലക്ക് എന്തെങ്കിലും അസുഖമുണ്ടോയെന്ന് അദ്ദേഹത്തോട് ചോദിക്കുക. ലീഗും അവരും തമ്മില്‍ എവിടെയെങ്കിലും ബന്ധമുണ്ടോ, പിന്നെന്തിനാണ് ലീഗിന്റെ കാര്യം കൂട്ടിക്കെട്ടുന്നത്. ലീഗുകാര്‍ പറഞ്ഞോ അവരുടെ കൂടെ പോകാമെന്ന്,’ സുധാകരന്‍ പറഞ്ഞു.

തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സുധാകരന്‍ പറഞ്ഞു.

‘ഹൈബി ഈഡന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. അദ്ദേഹത്തിന് പ്രാദേശിക തലത്തിലെ വികസനത്തിന്റെ കാര്യത്തില്‍ താല്‍പര്യമുണ്ടാകും. അത് പൊതുജനത്തിന്റെയും താല്‍പര്യം നോക്കികൊണ്ടേ പരിഗണിക്കാന്‍ സാധിക്കൂ. അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനം അദ്ദേഹം പറഞ്ഞിട്ടുണ്ടാകാം,’ സുധാകരന്‍ പറഞ്ഞു.

Content Highlight: K Sudhakaran criticise MV Govindan

We use cookies to give you the best possible experience. Learn more