| Tuesday, 25th July 2023, 9:28 pm

അശ്ലീലത്തിന്റ പരകോടിയില്‍ നില്‍ക്കുമ്പോഴാണോ ഒരാള്‍ സി.പി.ഐ.എം സെക്രട്ടറി ആകുന്നത്; സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം സെക്രട്ടറി എം.വി. ഗോവിന്ദനെ നിയമപരമായി തന്നെ കൈകാര്യം ചെയ്യുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. അശ്ലീലത്തിന്റ പരകോടിയില്‍ നില്‍ക്കുമ്പോഴാണോ ഒരാള്‍ സി.പി.ഐ.എം സെക്രട്ടറി ആകുന്നത്, അതോ സി.പി.ഐ.എം സെക്രട്ടറി ആയിക്കഴിഞ്ഞാണോ ഒരാള്‍ ഇത്രമേല്‍ അശ്ലീലം ആയിപോകുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇനി കാര്യങ്ങളൊക്കെ കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മോണ്‍സണ്‍ മാവുങ്കല്‍ പ്രതിയായ കേസില്‍ എം.വി.ഗോവിന്ദനും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിക്കുമെതിരെ സുധാകരന്‍ ഇന്ന് മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

അശ്ലീല നുണ പ്രചാരണങ്ങള്‍ കൊണ്ട് രാഷ്ട്രീയ എതിരാളികളെ നേരിടുക എന്നത് സി.പി.ഐ.എമ്മിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന സ്വഭാവ വൈകൃതമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘അശ്ലീല നുണ പ്രചാരണങ്ങള്‍ കൊണ്ട് രാഷ്ട്രീയ എതിരാളികളെ നേരിടുക എന്നത് സി.പി.ഐ.എമ്മിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന സ്വഭാവ വൈകൃതമാണ്. ഉമ്മന്‍ ചാണ്ടിക്കെതിരെ ക്രൂരമായ പല ആരോപണങ്ങളും ഉണ്ടാക്കിവിട്ടത് പിണറായി വിജയനും, അദ്ദേഹം ‘കാസ്‌ട്രോ’ ആക്കി മൂലക്കിരുത്തിയ വി.എസ്. അച്യുതാനന്ദനും ആണ്. ഇന്നത്തെ സാഹചര്യത്തില്‍ ആ പണി സി.പി.ഐ.എം ഏല്‍പിച്ചിരിക്കുന്നത് ഗോവിന്ദനെയും,’ അദ്ദേഹം പറഞ്ഞു.

മനുഷ്യന്‍ ചീഞ്ഞാല്‍ ദേശാഭിമാനി ലേഖകന്‍ ആകുമെന്നും, വീണ്ടും ചീഞ്ഞാല്‍ സി.പി.ഐ.എം സെക്രട്ടറി ആകുമെന്നും കേരളത്തിന് തോന്നിപ്പോകുന്ന രീതിയിലാണ് ഇവരുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കഥകള്‍ പ്രചരിപ്പിച്ച ഗോവിന്ദനെതിരെയും ദേശാഭിമാനിക്കെതിരെയും നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

”മനുഷ്യന്‍ ചീഞ്ഞാല്‍ ദേശാഭിമാനി ലേഖകന്‍ ആകുമെന്നും, വീണ്ടും ചീഞ്ഞാല്‍ സി.പി.ഐ.എം സെക്രട്ടറി ആകുമെന്നും’ കേരളത്തിന് തോന്നിപ്പോകുന്ന രീതിയിലാണ് ഇവരുടെ പ്രവര്‍ത്തനം. പക്ഷെ ആ സി.പി.ഐ.എം തൊഴിലും കൊണ്ട് ഇനിയൊരു കോണ്‍ഗ്രസുകാരന്റെ നേര്‍ക്ക് നുണകളുമായി വരരുതെന്ന് ഗോവിന്ദനുള്ള താക്കീതാണിത്.

കള്ളക്കഥകള്‍ പ്രചരിപ്പിച്ച ഗോവിന്ദനെതിരെയും ദേശാഭിമാനിക്കെതിരെയും നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഉടമസ്ഥന്‍, പിണറായി വിജയന്‍ പറയുന്നതും കേട്ട് ഇമ്മാതിരി നെറികേടുകള്‍ ഇനിയും പ്രചരിപ്പിക്കാന്‍ ഇറങ്ങിയാല്‍, പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന് സഖാവ് ഗോവിന്ദനെ വീണ്ടും ഓര്‍മിപ്പിക്കുന്നു. ഈ കമ്മ്യൂണിസ്റ്റ് പിശാചുക്കളോട് എല്ലാകാലത്തും നോ കോപ്രമൈസ്,’ സുധാകരന്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മോണ്‍സന്‍ മാവുങ്കല്‍ പീഡിപ്പിക്കുമ്പോള്‍ കെ.സുധാകരന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നായിരുന്നു ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത. തുടര്‍ന്ന് ഇക്കാര്യം തന്നെ എം.വി. ഗോവിന്ദനും ഉന്നയിച്ചിരുന്നു. ദേശാഭിമാനി വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു തന്റെ പരാമര്‍ശം എന്നായിരുന്നു ഗോവിന്ദന്റെ പരാമര്‍ശം. ഇതിനെതിരെയാണ് സുധാകരന്‍ കേസ് നല്‍കിയിരിക്കുന്നത്.

Content Highlight: K Sudhakaran criticise M V Govindan

We use cookies to give you the best possible experience. Learn more