പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: കെ.സുധാകരന്‍
Kerala
പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: കെ.സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th February 2011, 8:19 pm

തിരുവനന്തപുരം: സുപ്രീംകോടതി ജഡ്ജി കൈക്കൂലി കൈപ്പറ്റിയെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഇക്കാര്യത്തില്‍ തന്റെ മനസ്സാക്ഷിയാണ് സാക്ഷിയെന്നും കെ.സുധാകരന്‍ എം.പി. “ഇതു സംബന്ധിച്ച് തന്റെ പക്കല്‍ രേഖകള്‍ ഒന്നും തന്നെയില്ല. എന്നാല്‍ പറഞ്ഞകാര്യം എവിടെ വേണമെങ്കിലും പറയാന്‍ തയ്യാറാണ്. ഇക്കാര്യത്തില്‍ തന്റെ മനസാക്ഷിയാണ് സാക്ഷി”. സുധാകരന്‍ പറഞ്ഞു.

നിയമനടപടി വന്നാല്‍ നേരിടും. ഇത് ഒരു വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഞാന്‍ പറഞ്ഞത് സത്യമാണ്. ആവേശത്തിന്റെ പുറത്ത് പറഞ്ഞതല്ല. ഏതു ജഡ്ജിയാണ് കൈക്കൂലി വാങ്ങിയതെന്ന് ഇപ്പോള്‍ പറയാനാവില്ല. പറയേണ്ടിടത്ത് പറയാം. കഴിഞ്ഞ കുറേ വര്‍ഷമായി കോടതിക്ക് വന്ന മൂല്യച്ചുതിയാണ് തന്നെ ഇത് പറയാന്‍ നിര്‍ബന്ധിതനാക്കിയതെന്നും സുധാകരന്‍ പറഞ്ഞു.

ഹൈക്കോടതി റദ്ദാക്കിയ 21 ബാര്‍ ലൈസന്‍സുകള്‍ പുനഃസ്ഥാപിച്ചുകിട്ടുന്നതിന് ബാര്‍ ഉടമകള്‍ സുപ്രീം കോടതി ജഡ്ജിക്ക് 36 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും ഇതിന് താന്‍ സാക്ഷിയാണെന്നുമാണ് കെ.സുധാകരന്‍ എംപി ഇന്നലെ പറഞ്ഞത്.

ഇടമലയാര്‍ കേസില്‍ ആര്‍. ബാലകൃഷ്ണപ്പിള്ളയെ സുപ്രീം കോടതി ശിക്ഷിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് നല്‍കിയ സ്വീകരണത്തിലാണ് സുധാകരന്‍ ഇങ്ങിനെ പറഞ്ഞത്. സുധാകരന്റെ പ്രസ്താവന രാഷ്ട്രീയ-നിയമ രംഗത്ത് ചര്‍ച്ചയായിക്കഴിഞ്ഞു.