| Sunday, 20th March 2022, 11:44 am

കെ. സുധാകരന്‍ നേരിട്ട് വിളിച്ച് വിലക്കി; സി.പി.ഐ.എം സെമിനാറില്‍ പങ്കെടുക്കാതെ ഖേദം പ്രകടിപ്പിച്ച് ആര്‍. ചന്ദ്രശേഖരന്‍ മടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കെ.പി.സി.സി വിലക്കിയതിനെ തുടര്‍ന്ന് സി.പി.ഐ.എം സെമിനാറിനെത്തിയ ഐ.എന്‍.ടി.യു.സി നേതാവ് ആര്‍. ചന്ദ്രശേഖരന്‍ ഖേദം പ്രകടിപ്പിച്ച് മടങ്ങി. സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന് അനുബന്ധമായി നടത്തുന്ന സെമിനാറില്‍ പങ്കെടുക്കാനാണ് ചന്ദ്രശേഖരന്‍ പയ്യന്നൂരിലെത്തിയത്.

കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നേരിട്ട് വിളിച്ച് വിലക്കിയതിനെത്തുടര്‍ന്നാണ് ചന്ദ്രശേഖരന്‍ സെമിനാറില്‍ പങ്കെടുക്കാതെ മടങ്ങിയത്. പാര്‍ട്ടി വിലക്കിയതിനാല്‍ സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സി.പി.ഐ.എം നേതാക്കളെ കണ്ട് ഖേദം പ്രകടിപ്പിച്ച ശേഷമാണ് ചന്ദ്രശേഖരന്‍ മടങ്ങിയത്. പാര്‍ട്ടി കോണ്‍ഗ്രസ് പരിപാടികളില്‍ പങ്കെടുക്കുന്നതിന് കെ.പി.സി.സി വിലക്കേര്‍പ്പെടുത്തിയത് ദൗര്‍ഭാഗ്യകരമാണെന്നാണ് സി.പി.ഐ.എം പ്രതികരിച്ചത്.

എന്നാല്‍ സി.പി.ഐ.എം സെമിനാറില്‍ പങ്കെടുക്കാമെന്ന് ശശി തരൂര്‍ എം.പി പറഞ്ഞത് ഇതിനോടകം തന്നെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സെമിനാറില്‍ പങ്കെടുക്കരുതെന്ന കെ.പി.സി.സി നിര്‍ദേശം തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ശശി തരൂര്‍ പറഞ്ഞത്.

പാര്‍ട്ടി കോണ്‍ഗ്രസ് ദേശീയ സമ്മേളനമാണ്. അതില്‍ ചിന്തകള്‍ പങ്കുവെക്കുന്നതില്‍ തെറ്റില്ല. വിലക്കേര്‍പ്പെടുത്തിയാല്‍ സോണിയ ഗാന്ധിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും തരൂര്‍ പറഞ്ഞിരുന്നു.

ശശി തരൂരിന് പുറമെ കെ.വി. തോമസിനെയും പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറുകളിലേക്ക് സി.പി.ഐ.എം ക്ഷണിച്ചിരുന്നു.

സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുത് എന്ന് കെ. സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. സി.പി.ഐ.എം പരിപാടിയില്‍ പങ്കെടുക്കുന്നത് പ്രവര്‍ത്തകര്‍ക്ക് ഇഷ്ടമല്ല. കോണ്‍ഗ്രസിനെ ദ്രോഹിക്കുന്ന സി.പി.ഐ.എമ്മുമായി ഒരു സഹകരണത്തിനും തയ്യാറല്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.

ബി.ജെ.പിയുമായി ചേര്‍ന്ന് സമരം നടത്താന്‍ നേതാക്കള്‍ക്ക് നേതൃത്വം അനുവാദം നല്‍കിയിട്ടുണ്ടെന്നും ഈ വിലക്ക് ഇരട്ടത്താപ്പാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു


Content Highlights: K. Sudhakaran called directly and forbade R. Chandrasekharan for attending CPIM party congress

Latest Stories

We use cookies to give you the best possible experience. Learn more