കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തലശ്ശേരി പാലയാട് ലീഗല്‍ സ്റ്റഡീസില്‍ വോട്ടഭ്യര്‍ത്ഥിച്ചെത്തിയ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനും ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലൂടെ ശ്രദ്ധേയയായ ബിന്ദു അമ്മിണിയും നേര്‍ക്കുനേര്‍. കോളേജിലെ അധ്യാപിക കൂടിയാണ് ബിന്ദു അമ്മിണി.
ബിന്ദു അമ്മിണിയുടെ ക്ലാസില്‍ വെച്ച് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ബിന്ദുവിനെതിരെ സുധാകരന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
കേരളത്തില്‍ സ്ത്രീകള്‍ക്ക് കയറാവുന്ന അയ്യപ്പ ക്ഷേത്രങ്ങള്‍ വേറെ ഉണ്ടായിട്ടും ശബരിമലയില്‍ തന്നെ കയറിയത് കലാപം ലക്ഷ്യംവെച്ചാണെന്നായിരുന്നു സുധാരന്റെ ആദ്യ വിമര്‍ശനം. നിങ്ങള്‍ക്ക് അനുരജ്ഞന ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാമായിരുന്നെന്നും നിങ്ങള്‍ കയറിയപ്പോള്‍ കലാപം ഉണ്ടായത് കണ്ടില്ലേയെന്നും സുധാകരന്‍ ചോദിച്ചു.
ഒരു ഭൂരിപക്ഷ സമൂഹത്തിന് എതിരെ വരുന്ന ഒരു വിധിയും നാട് അംഗീകരിക്കില്ലെന്നും സുപ്രീം കോടതി വിധി ലംഘിക്കപ്പെട്ട നിരവധി സംഭവങ്ങള്‍ നാട്ടിലുണ്ടായിട്ടുണ്ടെന്നുമായിരുന്നു സുധാകരന്‍ തുടര്‍ന്ന് പറഞ്ഞത്.
“”നൈഷ്ഠിക ബ്രഹ്മചാരി എന്ന് പറയുന്ന ഈ പ്രതിഷ്ഠയ്ക്ക് മാത്രമേ ഈ ആചാരമുള്ളൂ. അത് വിശ്വാസികളുടെ കാര്യമാണ്. നിങ്ങള്‍ ഒരു അമ്പലത്തില്‍ പോകുമ്പോള്‍ ഒരു പള്ളിയില്‍ പോകുമ്പോള്‍ ഒരു ചര്‍ച്ചില്‍ പോകുമ്പോള്‍ അവിടുത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുക എന്നത് വിശ്വാസികളുടെ ഒരു പൊതു സ്വഭാവമാണ്. വിശ്വാസികളുടെ അവകാശമാണ്. ആ അവകാശം പാലിക്കാതെ പോയാല്‍ ഇവിടെ കുഴപ്പമുണ്ടാകും. തകര്‍ച്ചയുണ്ടാകും. നിങ്ങള്‍ കയറിയപ്പോള്‍ ശബരിമലയില്‍ കലാപം ഉണ്ടായത് കണ്ടതല്ലേ ഈ കലാപം ഉണ്ടാക്കേണ്ട വല്യ കാര്യവുമുണ്ടോ? അനുരഞ്ജന ചര്‍ച്ചകള്‍ നടത്താം. ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കാം. ഭരണഘടനാ ഭേദഗതി ചെയ്യാം. ഇതൊക്കെ നില്‍ക്കുമ്പോള്‍ നിങ്ങള്‍ അവിടെ കയറി.. “”നമുക്ക് ഇതെല്ലാം നേരിട്ട് സംസാരിക്കാം എന്ന് പറഞ്ഞ് സുധാകരന്‍ സംസാരം നിര്‍ത്തിയപ്പോള്‍ ഭരണഘടനോ സുപ്രീം കോടതി വിധിയോ താങ്കള്‍ അംഗീകരിക്കുന്നില്ലെന്നാണ് സര്‍ പറഞ്ഞുവെക്കുന്നത് എന്ന് ബിന്ദു മറുപടി നല്‍കി.
ഇതോടെ “”നോ നോ തെറ്റ്”” എന്ന് പറഞ്ഞ് സുധാകരന്‍ വീണ്ടും സംസാരിച്ചു തുടങ്ങി. “” ജനവികാരത്തിനും ഒരു ഭൂരിപക്ഷ സമൂഹത്തിന് എതിരെ വരുന്ന ഒരു വിധിയും നാട് സ്വീകരിക്കില്ലെന്നും തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് നിരോധിച്ചപ്പോള്‍ ഒരു നാട് ഇളകിയത് കണ്ടില്ലേയെന്നും സുധാരന്‍ ചോദിച്ചു. ഇതോടെ “” സര്‍ അവിടെ മനുഷ്യനല്ല ഉള്ളത്. മനുഷ്യന് മാത്രമേ ഫണ്ടമന്റല്‍ റൈറ്റ്‌സ് ഉള്ളൂ. കാളയ്ക്കില്ല എന്നായിരുന്നു ബിന്ദുവിന്റെ മറുപടി.
ബിന്ദുവിന്റെ മറുപടിയെ ക്ലാസിലുണ്ടായിരുന്നവര്‍ ഒന്നടങ്കം കയ്യടിച്ച് സ്വീകരിച്ചു. ഇതോടെ നിങ്ങള്‍ പറഞ്ഞത് മനസിലായില്ലെന്ന് പറഞ്ഞ് സുധാകരന്‍ രംഗത്തെത്തി.”” ഇന്ത്യയിലെ ജനങ്ങള്‍ക്ക് മാത്രമേ മൗലികാവകാശമുള്ളൂവെന്നും ജെല്ലിക്കെട്ടില്‍ അഫക്ടഡ് ആയിട്ടുള്ളവര്‍ക്ക് അവിടെ ഫണ്ടമെന്റല്‍ റൈറ്റ് ഇല്ലെന്നും അവിടെ അഫക്ടഡ് ആയത് കാളകളാണെന്നും ബിന്ദു വിശദീകരിച്ചു.
സുപ്രീം കോടതി വിധി ലംഘിക്കപ്പെട്ട നിരവധി സംഭവങ്ങള്‍ നാട്ടിലുണ്ടായിട്ടുണ്ടെന്നും അതിന്റെയെര്‍ത്ഥം സുപ്രീം കോടതി വിധിയല്ല സുപ്രീം പാര്‍ലമെന്റാണ് സുപ്രീം എന്നുള്ളതാണെന്നും അതെങ്കിലും മനസിലാക്കിയാല്‍ നല്ലത് എന്നും സുധാകരന്‍ മറുപടി നല്‍കി. ഇതിന് മറുപടി പറയാന്‍ ബിന്ദു തുടങ്ങിയപ്പോഴേക്കും ടീച്ചര്‍ ഒരു സംവാദം സംഘടിപ്പിച്ചാല്‍ ഞാന്‍ എവിടെ വേണമെങ്കിലും വരാം എന്ന് പറഞ്ഞുകൊണ്ട് സുധാകരന്‍ ക്ലാസില്‍ നിന്ന് ഇറങ്ങുകയായിരുന്നു.