അധിക നികുതി അടയ്ക്കരുതെന്ന് ആഹ്വാനം ചെയ്ത് സുധാകരന്‍: ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് വി.ഡി. സതീശന്‍
Kerala News
അധിക നികുതി അടയ്ക്കരുതെന്ന് ആഹ്വാനം ചെയ്ത് സുധാകരന്‍: ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th February 2023, 1:35 pm

ന്യൂദല്‍ഹി/തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അധിക നികുതി അടയ്ക്കരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു. ന്യൂദല്‍ഹിയില്‍ വെച്ച് വാര്‍ത്താ സമ്മേളനം നടത്തിയാണ് സുധാകരന്‍ ഈ പ്രഖ്യാപനം നടത്തിയത്.

അധിക നികുതി പാര്‍ട്ടി പ്രവര്‍ത്തകര്‍ അടയ്ക്കില്ലെന്ന് യു.ഡി.എഫ് ഭരണകാലത്ത് പിണറായി വിജയന്‍ പറഞ്ഞിരുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. നികുതി വര്‍ധന പിടിവാശിയോടെയാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്നും മുഖ്യമന്ത്രിയുടെ പിടിവാശിക്ക് മുമ്പില്‍ സംസ്ഥാനത്തെ തളച്ചിട്ടുവെന്നും സുധാകരന്‍ പറഞ്ഞു.

‘സമരത്തോടും മാധ്യമങ്ങളോടും ജനകീയപ്രക്ഷോഭങ്ങളോടും മുഖ്യമന്ത്രിയ്ക്ക് പരമപുച്ഛമാണ്. പിണറായി വിജയന്‍ 2000ത്തില്‍ പറഞ്ഞതുപോലെ ഒരാള്‍ പോലും വര്‍ധിപ്പിച്ച നികുതി അടക്കരുത്. അടക്കാത്തവര്‍ക്കെതിരെ നടപടി വന്നാല്‍ കോണ്‍ഗ്രസ് അവരെ സംരക്ഷിക്കും. സര്‍ക്കാരിനും പാര്‍ട്ടിക്കാര്‍ക്കും അഴിമതിക്കും ആഡംബരത്തിനുമാണ് ജനങ്ങളില്‍ നിന്ന് കുത്തിപ്പിഴിഞ്ഞ് പിരിക്കുന്നത്,’ കെ. സുധാകരന്‍ ആരോപിച്ചു.

പ്രതിഷേധമുയര്‍ന്നിട്ടും ഒരു രൂപ പോലും കുറക്കാതെ ഉളുപ്പില്ലായ്മയാണ് മുഖ്യമന്ത്രി കാണിച്ചതെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് പറഞ്ഞു. റൊട്ടിയില്ലെങ്കില്‍ കേക്ക് കഴിച്ചുകൂടെയെന്ന് ആവശ്യപ്പെട്ട റാണിയെ പോലെയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളോട് ആയിരം കോടി കൂടി പിരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും ഇത് സാധാരണക്കാരെ കൂടുതലായി ബാധിക്കുമെന്നും സുധാകരന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ നികുതി വര്‍ധനയില്‍ എത്രയും വേഗം  സര്‍വകക്ഷി യോഗം വിളിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കെ. സുധാകരന്റെ ബഹിഷ്‌കരണാഹ്വാനത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞത്. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ട് പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കെ വര്‍ധിപ്പിച്ച കരം അടക്കേണ്ടതില്ലെന്ന് പറഞ്ഞത് അറിയാമെന്നും അധിക നികുതി അടക്കേണ്ടതില്ലെന്ന് താന്‍ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണ് കേരളത്തെ പ്രതിസന്ധിയിലാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതുകൊണ്ടാണ് സര്‍ക്കാരിന് നികുതി വര്‍ധിപ്പിക്കേണ്ടി വന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുകാണാതെയാണ് പ്രതിപക്ഷം സമരം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എണ്ണ വില നിര്‍ണയിക്കാന്‍ കമ്പനികള്‍ക്ക് അധികാരം നല്‍കിയവരാണ് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്ധന സെസിനെതിരെ കോണ്‍ഗ്രസിനൊപ്പം ബി.ജെ.പിയും വന്നത് വിചിത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

‘എണ്ണക്കമ്പനികളെ പ്രീണിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞവരാണ് കോണ്‍ഗ്രസ്. ഞെരുക്കി തോല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും അതിന് കുടപിടിക്കാന്‍ യു.ഡി.എഫും, എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതെല്ലാം ജനം മനസിലാക്കുന്നു. അവര്‍ ഇതൊന്നും മുഖവിലക്കെടുക്കില്ല.

കേരളം കടക്കെണിയിലാണെന്നും ധനധൂര്‍ത്താണെന്നും ചിലര്‍ പ്രചരിപ്പിക്കുന്നു. 2020- 21 സാമ്പത്തിക വര്‍ഷം ആഭ്യന്തര വരുമാനത്തിന്റെ 38.51 ശതമാനമായിരുന്നു കടം. അത് 2021-22ല്‍ 37.01 ശതമാനമായി കുറഞ്ഞു. 2022-23ല്‍ 36.38 ശതമാനമായി,’ പിണറായി വിജയന്‍ പറഞ്ഞു.

സാമൂഹിക സുരക്ഷ, സാമ്പത്തിക സുരക്ഷ, പശ്ചാത്തല സൗകര്യ വികസനം എന്നിവ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതിനെ കണ്ണടച്ച് ഒതുക്കാനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്. ഇതിനെ ജനം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Content Highlight: K Sudhakaran asks people to not pay extra taxes after State Govt’s budget,  V D Satheeshan says he doesn’t know about it