Kerala News
പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.സുധാകരന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 23, 01:22 pm
Friday, 23rd June 2023, 6:52 pm

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ അറസ്റ്റില്‍. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്ന് രാവിലെ 11 മണി മുതലായിരുന്നു ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ കൃത്യമായ പല ചോദ്യങ്ങള്‍ക്കും അദ്ദേഹത്തിന് മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ 50000 രൂപ ബോണ്ടില്‍ സുധാകരനെ ജാമ്യത്തില്‍ വിടും. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

രണ്ട് പേരുടെ ജാമ്യത്തില്‍ വിടാനാണ് തീരുമാനം. 11 മണിയോട് കൂടിയാണ് സുധാകരന്‍ ഹാജരായത്. ഈ പണമിടപാടുമായി ബന്ധപ്പെട്ട് സുധാകരനെതിരെ നിരവധി തെളിവുകള്‍ നേരത്തെ തന്നെയുണ്ടെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ചോദ്യം ചെയ്തിരിക്കുന്നത്.

പരാതിക്കാരെയും ഓണ്‍ലൈനായി എത്തിച്ച് അവരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് സുധാകരന്‍. ഒന്നാം പ്രതി മോന്‍സണ്‍ മാവുങ്കലാണ്.

കേസും ചോദ്യം ചെയ്യലും ചൂണ്ടിക്കാട്ടി തന്നെ പേടിപ്പിക്കേണ്ടതില്ലെന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം അറസ്റ്റിന് പിന്നാലെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നും നാളെയും കേരളത്തില്‍ കരിദിനമാചരിക്കുമെന്നും സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നു കോണ്‍ഗ്രസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേസിലെ പരാതിക്കാര്‍ നല്‍കിയ പത്ത് ലക്ഷം രൂപ കെ. സുധാകരന്റെ കൈവശം എത്തിയിട്ടുണ്ട് എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. പത്ത് ലക്ഷം രൂപ മോന്‍സണ്‍ സുധാകരന് നല്‍കിയതിനുള്ള തെളിവുണ്ട് എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

25 ലക്ഷം രൂപ പരാതിക്കാരന്‍ മോന്‍സണ് വീട്ടിലെത്തി കൈമാറുമ്പോള്‍ സുധാകരന്‍ അവിടെ ഉണ്ടായിരുന്നു എന്ന് പരാതിക്കാരന്‍ മൊഴി നല്‍കിയിരുന്നു.

content highlights: k. sudhakaran arrested