കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ടും അക്രമവും നടത്തിയെന്ന ആരോപണവുമായി കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ബൂത്തിലും വരെ വ്യാപകമായ കള്ളവോട്ട് നടന്നെന്നും സുധാകരന്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
‘അക്രമങ്ങള്‍ നടന്നിട്ടുപോലും കോണ്‍ഗ്രസ് വോട്ടര്‍മാര്‍ കൃത്യമായി വോട്ടു ചെയ്തു. പക്ഷേ വരാത്ത മുഴുവന്‍ ആളുകളുടെ വോട്ടും അതിനുശേഷം ബൂത്തിലിരുന്ന് കുത്തി കുത്തി വ്യാപകമായി കള്ളവോട്ട് ചെയ്തു. അങ്ങനെയൊരു നാണംകെട്ട കള്ളവോട്ട് ഇതുവരെയാരും ചെയ്തിട്ടില്ല. കണ്ണൂരില്‍ ഇതാദ്യത്തെ സംഭവമാണ്.
മുഖ്യമന്ത്രിയുടെ സ്വന്തം നിയോജക മണ്ഡലത്തിലും കള്ളവോട്ട് നടന്നു. ജനാധിപത്യ സംവിധാനം സംരക്ഷിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണിത്. മുഖ്യമന്ത്രിയുടെ സ്വന്തം നിയോജക മണ്ഡലത്തില്‍ പോലും, സ്വന്തം ബൂത്തില്‍ പോലും കള്ളവോട്ട് ചെയ്യുന്നത് തടയാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണിത്. നരേന്ദ്രമോദിയെക്കുറിച്ച് രാഹുല്‍ ഗാന്ധി ചൗക്കീദാര്‍ ചോര്‍ ഹേ എന്ന് പറഞ്ഞെങ്കില്‍ ഇവിടുത്തെ ചൗക്കീദാറും ചോര്‍ ഹേ എന്നു പറയേണ്ട അവസ്ഥയാണ്. ‘ എന്നാണ് സുധാകരന്‍ പറഞ്ഞത്.
മുഖ്യമന്ത്രിയുടെ സ്വന്തം ബൂത്ത് പിണറായിയിലെ ആര്‍.സി അമല മുതല്‍ ലോക്‌സഭാ മണ്ഡലത്തിലെ 97 പോളിങ് ബൂത്തുകളില്‍ സി.പി.ഐ.എം നേതൃത്വത്തില്‍ കള്ളവോട്ട് ചെയ്തു.
സി.പി.ഐ.എം നേതൃത്വത്തില്‍ കള്ളവോട്ട് നടത്തുമ്പോള്‍ പോളിങ് ഉദ്യോഗസ്ഥര്‍മാര്‍ നോക്കുകുത്തികളായെന്നും സുധാകരന്‍ ആരോപിച്ചു. കള്ളവോട്ട് നടന്ന ബൂത്തുകളുടെ ലിസ്റ്റ് ഉള്‍പ്പെടെ നല്‍കിയാണ് സുധാകരന്റെ ആരോപണം.
തെരഞ്ഞെടുപ്പു ദിവസം കണ്ണൂര്‍ ജില്ലയില്‍സി.പി.ഐ.എം നേതൃത്വത്തില്‍ വ്യാപകമായ അക്രമ സംഭവങ്ങളാണ് നടന്നതെന്നും സുധാകരന്‍ ആരോപിച്ചു. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ കുറ്റിയാട്ടൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ കയ്യേറ്റ ശ്രമം നടന്നു. മാണിയൂര്‍ പോളിങ് ബൂത്തില്‍ യു.ഡി.എഫ് ഏജന്റ് മുഹമ്മദ് ഷഹീന്‍ ആക്രമിക്കപ്പെട്ടെന്നും സുധാകരന്‍ ആരോപിച്ചു.