കാസര്‍കോട്: സ്ത്രീകളെ അധിക്ഷേപിച്ചുള്ള പരാമര്‍ശത്തില്‍ ഖേദം പ്രകടിച്ചുള്ള പ്രസ്താവനയിലും സ്ത്രീവിരുദ്ധതയുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. മുഖ്യമന്ത്രിയ്‌ക്കെതിരായ പരാമര്‍ശത്തില്‍ പെണ്ണുങ്ങളേക്കാള്‍ മോശമായി എന്ന പ്രയോഗത്തിലൂടെ താന്‍ ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളെയാണെന്നാണ് സുധാകരന്‍ പറഞ്ഞത്.
സ്ത്രീകളെ പൊതുവില്‍ പറഞ്ഞതല്ല. താന്‍ ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളേയാണ്. പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമചോദിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
കഴിഞ്ഞദിവസം കാസര്‍കോട് നടത്തിയ പ്രസംഗത്തിലെ കെ. സുധാകരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമായിരുന്നു. “ഇരട്ടച്ചങ്കന്‍ മുച്ചങ്കന്‍ എന്നൊക്കെ പറഞ്ഞ് സി.പി.ഐ.എമ്മിന്റെ ആളുകള്‍ മുഖ്യമന്ത്രിയെ പൊക്കിയടിക്കുമ്പോള്‍ ഞങ്ങളുമൊക്കെ വിചാരിച്ചു, പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെപ്പോലെ എന്തെങ്കിലും ചെയ്യുമെന്ന്. പക്ഷേ ആണുങ്ങളെപ്പോലെ ചെയ്തില്ലെന്ന് മാത്രമല്ല പെണ്ണുങ്ങളേക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യം കൊണ്ട് നമുക്ക് മനസിലാവുന്നത്. ഒരു വിവരമില്ലാത്തൊരു ഭരണാധികാരിയുടെ നിലവാരത്തിലേക്കുപോലും മുഖ്യമന്ത്രിയെത്തി. ” എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.
പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനമുയര്‍ന്നതോടെയാണ് സുധാകരന്‍ ഖേദപ്രകടനവുമായി എത്തിയത്.