| Tuesday, 16th March 2021, 8:45 am

ഇഷ്ടക്കാരെ തിരുകി കയറ്റിയ സ്ഥാനാര്‍ത്ഥി പട്ടിക ആത്മവിശ്വാസം ഇല്ലാതാക്കി; വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കെ.സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സുധാകരന്‍ എം.പി. സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് കെ.സുധാകരന്‍ പറഞ്ഞു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റെന്ന സ്ഥാനത്ത് തുടരുന്നത് മനസോടെയല്ലെന്നും സുധാകരന്‍ തുറന്നടിച്ചു.

ആലങ്കാരിക പദവികള്‍ തനിക്ക് ആവശ്യമില്ല. സ്ഥാനം ഒഴിയാന്‍ പല തവണ ആലോചിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുറിവേല്‍ക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് രാജിവെക്കാത്തതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തികള്‍ മോശമായിരുന്നു. കേരളത്തിലെ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചു. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇഷ്ടക്കാരെ തിരുകി കയറ്റുകയായിരുന്നു.

ഹൈക്കമാന്‍ഡിന്റെ പേരില്‍ കെ.സി വേണുഗോപാലും ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി. ഹൈക്കമാന്‍ഡിന്റെ പേരിലുള്ള തിരുകിക്കയറ്റല്‍ പതിവുള്ളതായിരുന്നില്ല. ജയസാധ്യത നോക്കാതെയാണ് പലര്‍ക്കും അവസരം നല്‍കിയത്. തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ല,” കെ.സുധാകരന്‍ പറഞ്ഞു.

കണ്ണൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അതൃപ്തിയും അദ്ദേഹം രേഖപ്പെടുത്തി. ഇരിക്കൂറില്‍ ധാരണകള്‍ ലംഘിക്കപ്പെട്ടുവെന്നും ഇരിക്കൂറുകാര്‍ക്ക് ഇനി നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
മട്ടന്നൂര്‍ സീറ്റ് ആര്‍.എസ്.പിക്ക് കൊടുത്തത് കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെയാണ്. ഇത് ജില്ലയില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ഇടയാക്കുമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Sudhakaran against Ummanchandi and Ramesh Chennithala over congress candidate list

We use cookies to give you the best possible experience. Learn more