| Sunday, 26th December 2021, 1:46 pm

പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പുറത്ത്; ശശി തരൂരിനെതിരെ നിലപാട് കടുപ്പിച്ച് സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ നിലപാട് കടുപ്പിച്ച് കെ. സുധാകരന്‍. പാര്‍ട്ടി നിലപാട് അംഗീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി വിട്ട് പുറത്ത് പോകേണ്ടി വരുമെന്ന് സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

‘ശശി തരൂര്‍ പാര്‍ട്ടിയിലെ ഒരാള്‍ മാത്രമാണ്. എല്ലാവര്‍ക്കും അവരവരുടെതായ അഭിപ്രായം കാണും. പാര്‍ട്ടിക്ക് വിധേയനായാല്‍ അദ്ദേഹം പാര്‍ട്ടിയിലുണ്ടാവും. ഇല്ലെങ്കില്‍ പാര്‍ട്ടിയില്‍ കാണില്ല. അത്രേയുള്ളൂ. പാര്‍ട്ടി തീരുമാനത്തെ എതിര്‍ക്കാനോ തള്ളാനോ ഉള്ള അവകാശമൊന്നും ആര്‍ക്കും കൊടുത്തിട്ടില്ല. ശശി തരൂരല്ല കോണ്‍ഗ്രസ്,’ കെ. സുധാകരന്‍ പറഞ്ഞു.

നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രനും തരൂരിനെ അച്ചടക്കം പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഈ സമയത്തും സുധാകരനും സതീശനും തരൂരിനോട് മൃദു സമീപനമാണ് പുലര്‍ത്തിയിരുന്നത്. എന്നാല്‍ ശശി തരൂരിനോടുള്ള ഈ മൃദു സമീപനത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അതൃപ്തി രൂക്ഷമായിരുന്നു.

കെ റെയില്‍ കേരള രാഷ്ട്രീയത്തില്‍ ചൂടേറിയ വിഷയമായിട്ടും പഠിക്കാന്‍ തരൂര്‍ കൂടുതല്‍ സമയമെടുക്കുന്നത് പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഇപ്പോള്‍ തരൂരിനെതിരെയുള്ള നിലപാട് സുധാകരന്‍ കടുപ്പിക്കുന്നത്.

കെ-റെയിലിനെതിരെ യു.ഡി.എഫ് എം.പിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് അയച്ച കത്തില്‍ തരൂര്‍ ഒപ്പുവെക്കാതിരുന്നത് വലിയ വിവാദങ്ങള്‍ക്കാണ് വഴി വെച്ചത്. കെ-റെയില്‍ പദ്ധതിയെ കുറിച്ച് നന്നായി പഠിക്കാതെ അക്കാര്യത്തില്‍ നിലപാട് എടുക്കാനാകില്ലെന്നും അങ്ങനെയൊരു പഠനം നടക്കാതിരുന്നതിനാലാണ് കത്തില്‍ താന്‍ ഒപ്പുവെക്കാതിരുന്നതെന്നായിരുന്നു തരൂരിന്റെ വിശദീകരണം.

ഇതിനെതിരെ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. വികസനത്തില്‍ പിണറായി വിജയനെ പുകഴ്ത്തിയുള്ള തരൂരിന്റെ പരാമര്‍ശവും വിവാദമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: k sudhakaran against sasi tharoor

We use cookies to give you the best possible experience. Learn more