| Monday, 26th February 2018, 11:25 am

'പിണറായിക്ക് ഭ്രാന്ത്, ആരോപണങ്ങളെ പുച്ഛിച്ച് തള്ളുന്നു'; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ കണ്ണൂരിലെ സമര പന്തലില്‍ പ്രതികരിക്കുകയായിരുന്നു സുധാകരന്‍.

കണ്ണൂര്‍ ജില്ലാ നേതൃത്വത്തിനു പങ്കുണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്നും സി.ബി.ഐ അന്വേഷണം നടത്തുന്നില്ലെന്ന നിലപാട് തന്നെ അലോസരപ്പെടുത്തുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. “ഇത് താന്‍ പ്രതീക്ഷിച്ചിരുന്നതാണ്. ശുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം നടത്താമെന്നാണ് സര്‍ക്കാര്‍ ആദ്യം വ്യക്തമാക്കിയത്. എന്നാല്‍ സി.പി.ഐ.എം ജില്ലാ നേതൃത്വത്തിന്റെ പങ്ക് വെളിപ്പെടുമെന്ന് കണ്ടാണ് ഇപ്പോള്‍ സര്‍ക്കാര്‍ പിന്മാറിയിരിക്കുന്നത്. നേതൃത്വം അറിയാതെ ആകാശ് തില്ലങ്കേരിയെപ്പോലുള്ളവര്‍ ഇത്തരം കൊലപാതകങ്ങള്‍ ചെയ്യില്ല. ഭാവി സമര പരിപാടികള്‍ പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കും. മരണം വരെ സത്യാഗ്രഹം കിടക്കാന്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും” അദ്ദേഹം പറഞ്ഞു.

അതേസമയം നാല്‍പ്പാടി വാസുക്കേസില്‍ തനിക്കെതിരായ മുഖ്യമന്ത്രി നടത്തിയ ആരോപണത്തെ പുച്ഛിച്ച് തള്ളുന്നതായും സുധാകരന്‍ പറഞ്ഞു. എന്നാല്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന മുഖ്യമന്ത്രിക്ക് ഭ്രാന്താണെന്നും അദ്ദേഹം പ്രതികരിച്ചു.

“വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവത്തില്‍ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രിക്ക് സമചിത്തത നഷ്ടപ്പെട്ടതിനാലാണ്. ശുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുധാകരന്‍ നടത്തുന്ന സത്യാഗ്രഹം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

നേരത്തെ ശുഹൈബ് വധത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്നുമായിരുന്നു പിണറായി പറഞ്ഞിരുന്നത്. “പിടികൂടിയത് ഡമ്മി പ്രതികളാണെന്ന ആരോപണം തെറ്റാണ്. ഒരു കൊലപാതവും നടക്കരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഷുഹൈബ് വധത്തിലെ പ്രതികളെ മുഴുവന്‍ അടുത്ത ദിവസം തന്നെ പിടികൂടും. രണ്ട് പേരാണു ശുഹൈബിനെ വെട്ടിയത്. രാഷ്ട്രീയ പ്രശ്നങ്ങള്‍ സംഘര്‍ഷത്തിലേക്ക് മാറരുത്. കണ്ണൂരില്‍ അക്രമസംഭവങ്ങള്‍ 30 ശതമാനത്തോളം കുറഞ്ഞുവെന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ 2016 ല്‍ ഏഴായിരുന്നത് 2017 ല്‍ രണ്ടായെന്നും” മുഖ്യമന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more