| Monday, 29th May 2023, 8:23 pm

മുഖ്യമന്ത്രിക്ക് ഉളുപ്പുണ്ടോ? ഞാന്‍ ഇത്രയൊക്കെ പറഞ്ഞിട്ടും എന്നോട് ചിരിക്കുന്നു; നാണംകെട്ട് പോയി: കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ഉളുപ്പില്ലെന്ന് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടും തന്നെ കണ്ടപ്പോള്‍ ചിരിച്ചുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. താന്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് പിണറായി വിജയന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി കോര്‍പ്പറേഷനിലെ അഴിമതിക്കെതിരെ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നടത്തുന്ന വാഹന ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ക്ഷമയ്‌ക്കൊരു അതിര് ഉണ്ട്. ജനത്തിന്റെ മനസിന്റെ നിയന്ത്രണം പൊട്ടിയാല്‍ ഈ കോര്‍പ്പറേഷന്‍ ആര്‍ക്കും കത്തിക്കാം. കത്തിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല. അല്ലെങ്കില്‍ നിങ്ങള്‍ കത്തിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

നിങ്ങളെന്തിനാണ് കത്തിക്കുന്നത്, ഞങ്ങള്‍ കത്തിച്ചോളാം. കോര്‍പ്പറേഷന്‍ ഉള്ളതും ഇല്ലാത്തതും ഒരു പോലെയല്ലേ. ഇത് ഉണ്ടായിട്ടെന്താണ് കാര്യം. ഒരു കാര്യവുമില്ല. കൊള്ളയടിക്കണ്ടവന്‍ കൊള്ളയടിക്കുന്നു, പൊലീസ് സംരക്ഷണം കൊടുക്കുന്നു. ആ കോര്‍പ്പറേഷന്‍ ഇവിടെ വേണോ വേണ്ടയോ എന്ന് തീരുമാനിക്കണം. അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ് കോര്‍പ്പറേഷന്‍.

മുഖ്യമന്ത്രിക്ക് വല്ല ഉളുപ്പുമുണ്ടോ. ഇങ്ങനെയൊരു മനുഷ്യനുണ്ടോ. ഞാന്‍ ഇത് പോലെ പച്ചയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിട്ടും ഇന്ന് ഫ്‌ളൈറ്റില്‍ വെച്ച് കണ്ടപ്പോള്‍ എന്നോട് ചിരിക്കുകയാണ് പുള്ളി. ഞാന്‍ തന്നെ നാണംകെട്ട് പോയി.

ഇത്രയേറെ രൂക്ഷമായി ഞാന്‍ പറയുന്ന പോലെ കേരളത്തില്‍ ആരും പറയാറില്ല. എന്നിട്ടും അദ്ദേഹത്തിന് എന്നോട് പരിഭവമില്ല, എന്തേ, ഞാന്‍ പറയുന്നത് സത്യമാണെന്ന് പുള്ളി മനസില്‍ പറയുന്നുണ്ട്.
മനസിലെങ്കിലും പുള്ളിക്ക് തോന്നിയിട്ടുണ്ട് ഇയാള്‍ പറയുന്നത് ശരിയല്ലേ എന്ന്. അല്ലെങ്കില്‍ എന്നോട് ചിരിക്കാന്‍ തോന്നുമോ.

ഞാനിവിടെയുണ്ടെന്ന് പറഞ്ഞു എന്നോട്. ഞാന്‍ പറഞ്ഞു, ഉണ്ടെന്ന് അറിഞ്ഞുവെന്ന്. പറഞ്ഞാല്‍ ഒരു മറുപടി പറയണ്ടേ. അല്ലെങ്കില്‍ മോശമല്ലേ, മനുഷ്യന്മാര്‍ അല്ലേ,’ സുധാകരന്‍ പറഞ്ഞു.

പിണറായിയെ തനിക്ക് അറിയാമെന്നും പണ്ടൊന്നും ഇതുപോലെ അദ്ദേഹം അഴിമതിക്കാരനല്ലെന്നും സുധാകരന്‍ പറഞ്ഞു. ലാവലിന്‍ കേസ് മുതലാണ് അദ്ദേഹത്തിന്റെ അഴിമതി ആരംഭിക്കുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

‘പിണറായി നാണം കെട്ട് പണമുണ്ടാക്കാന്‍ തീരുമാനിച്ചു. പിണറായി പണ്ടൊന്നും ഇതുപോലെ അഴിമതിക്കാരനല്ല. എനിക്ക് അറിയുന്ന പിണറായിയാണ്. ലാവലിന്‍ കേസ് മുതലാണ് അദ്ദേഹത്തിന്റെ അഴിമതി ആരംഭിക്കുന്നത്.

അന്ന് ആ പണം ഏറെയും പോയത്, 90 ശതമാനവും പോയത് പാര്‍ട്ടി ഫണ്ടിലേക്കാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്നതല്ല കഥ. ഇന്ന് കഥ പോകുന്നത് നേരെ കുടുംബത്തിലേക്കാണ്. എന്തുകൊള്ളയാണ്. ഇത് എവിടെയാണ് പോയി കുഴിച്ചിടുന്നത്. ഇത്രയും പണം ആരെയാണ് ഏല്‍പ്പിക്കുന്നത്.

ഓരോന്നിനും തട്ടിയെടുക്കുന്ന പണമെത്രയാണ്. ഇത് അത്രയും പറഞ്ഞിട്ട് ഏതെങ്കിലും പത്രക്കാരോട് അത് നിഷേധിക്കാന്‍ പിണറായി വിജയന്‍ തയ്യാറായോ. ഞാന്‍ അത് ചെയ്തില്ലെന്ന് എവിടെയെങ്കിലും പറഞ്ഞോ. മാധ്യമങ്ങളോ കാണുന്നുണ്ടോ. ഉത്തരം പറയാതെ ഒഴിഞ്ഞുമാറി പോകുകയാണ്,’ സുധാകരന്‍ പറഞ്ഞു.

അഴിമതിക്കെതിരെ പ്രതിപക്ഷം പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

CONTENT HIGHLIGHT: K SUDHAKARAN AGAINST PINARAYI VIJAYAN

We use cookies to give you the best possible experience. Learn more