| Thursday, 22nd February 2018, 10:31 am

'പി ജയരാജനു ഭ്രാന്താണ്'; പെരുമാറ്റം കിങ് ജോങ് ഉന്നിനെ പോലെയെന്നും കെ സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് അധികാര ഭ്രാന്താണെന്നും ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ശുഹൈബ് വധക്കേസിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരം നടത്തുന്ന സ്ഥലത്തുവെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സുധാകരന്‍.

ജയരാജന്‍ ധരിക്കുന്നത് ഉത്തരകൊറിയയിലോ മറ്റോ ആണുള്ളതെന്നാണെന്നും കിങ് ജോങ് ഉന്നിന്റെ അനുയായി ആണെന്നാണ് ജയരാജന്റെ ധാരണയെന്നും വിമര്‍ശിച്ച സുധാകരന്‍ താന്‍ എല്ലാത്തിലും മുകളിലാണെന്ന തോന്നലാണ് ജയരാജനുള്ളതെന്നും വിമര്‍ശിച്ചു.

“എല്ലാം നിശ്ചയിക്കുന്നത് പാര്‍ട്ടിയാണെന്നാണ് ജയരാജന്‍ പറയുന്നത്. ഒരു കമ്യൂണിസ്റ്റ് രാഷ്ട്രത്തിലെ ഏകാധിപതിയെപ്പോലെയാണ് ജയരാജന്റെ നിലപാട്. പാര്‍ട്ടി ഭരണം ജനാധിപത്യത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള ആഗ്രഹമാണ് ജയരാജന്. എല്ലാം പാര്‍ട്ടിയുടെ കൈയിലാണെന്നാണ് അയാള്‍ ധരിക്കുന്നതെങ്കില്‍ അത് ഒരു അസുഖമാണ്. ഇതൊരു ഭ്രാന്താണ്.” സുധാകരന്‍ പറഞ്ഞു.

അധികാരത്തിന്റെ ലഹരിയില്‍ എല്ലാ ആളുകളേയും അടിച്ചമര്‍ത്തി മുന്നോട്ടുപോകുമ്പോള്‍ മനസിനകത്ത് വരുന്ന ഒരു തോന്നലുണ്ട്. താന്‍ എല്ലാത്തിനും മുകളിലാണെന്ന തോന്നല്‍. ആ തോന്നലാണ് ഒരു ഫാസിസ്റ്റിന് ജന്മം നല്‍കുന്നത്.” സുധാകരന്‍ പറഞ്ഞു. ഈ തോന്നല്‍ പാര്‍ട്ടി മാറ്റിയില്ലെങ്കില്‍ അസുഖം മാറ്റാന്‍ ജനങ്ങള്‍ ഇറങ്ങുമെന്നുംകോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

“ജയരാജന്‍ ഇപ്പോള്‍ ഭ്രാന്തമായ മനസിന്റെ പശ്ചാത്തലത്തിലാണ് നീങ്ങുന്നത്. അല്ലങ്കില്‍ ഇന്നലെ ഇത്രയും ഉദ്യോഗസ്ഥരുടേയും മന്ത്രിമാരുടേയും മുന്നില്‍ വെച്ച് എല്ലാം പാര്‍ട്ടിയാണ് അന്വേഷിക്കേണ്ടതെന്നും പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും എങ്ങനെ പറയും? പൊലീസ് അന്വേഷിച്ചാലും അത് ശരിയാണോ എന്ന് പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് പറയുന്നത് തിരുത്തണ്ടതാണ്. ഇത് തിരുത്തേണ്ടത് പാര്‍ട്ടിയാണ്. ഈ ഏകാധിപത്യ പ്രവണത തടയണം. എല്ലാം തന്റെ കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന ജയരാജന്റെ പ്രവണത പാര്‍ട്ടി പ്രവര്‍ത്തകര്‍ തടയണം” സുധാകരന്‍ പറഞ്ഞു.

ശുഹൈബിനെ വെട്ടിയത് പരിശീലനം സിദ്ധിച്ചവരാണെന്ന് ആവര്‍ത്തിച്ച സുധാകരന്‍ ആകാശ് തില്ലങ്കരി കേസില്‍ ഇല്ല എന്ന് പറഞ്ഞിട്ടില്ലെന്നും വെട്ടിയത് ആകാശ് അല്ലെന്നാണ് പറഞ്ഞതെന്നും പറഞ്ഞു. സംഘത്തില്‍ താനുണ്ടെന്ന് ആകാശ് പറയുമ്പോള്‍ തങ്ങളെന്തിന് അത് നിഷേധിക്കണമെന്നും അദ്ദേഹം ചോദിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more