തിരുവനന്തപുരം: നവകേരള സദസിനെതിരെ വിമര്‍ശനവും പരിഹാസവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. നവകേരള സദസിലൂടെ മുഖ്യമന്ത്രി ജനങ്ങളെ കൊഞ്ഞനം കുത്തുകയാണെന്നും അവരെ വിഢികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു കോടി രൂപ വരുന്ന ബെന്‍സ് കാര്‍ ഉപയോഗിച്ച് മുഖ്യമന്ത്രി നടത്തുന്ന യാത്ര കേരളത്തിലെ ജനങ്ങള്‍ക്കെതിരെ കൊഞ്ഞനം കാട്ടുകയാണ്. അന്തസും അഭിമാനവുമുണ്ടെങ്കില്‍ കേരളത്തിലെ ജനതയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ മനസുണ്ടെങ്കില്‍ ധൂര്‍ത്ത് അവസാനിപ്പിക്കാന്‍ ഇതോടുകൂടിയെങ്കിലും മുഖ്യമന്ത്രിക്ക് സാധിക്കണം. ആത്മരക്ഷക്ക് വേണ്ടി മുഖ്യമന്ത്രി കോടികളാണ് ചെലവഴിക്കുന്നത്. അദ്ദേഹം പുനരാലോചിക്കണമെന്നും അല്ലെങ്കില്‍ കൂടെയുള്ള ആരെങ്കിലും അദ്ദേഹത്തെ ഉപദേശിക്കണമെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ പോസിറ്റീവായ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം എം.എല്‍.എയുടെ വിമര്‍ശനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ എം.എല്‍.എമാര്‍ നവകേരള സദസില്‍ നിന്ന് മാറി നില്‍ക്കുന്നത് ജനങ്ങളുടെ മുന്നില്‍ നിന്നും മാറിനില്‍ക്കുന്നതിന് തുല്യമാണ്. പ്രതിപക്ഷത്തിന്റെ ആരോപണം ഹിമാലയം ബ്ലണ്ടറാണെന്നും റിയാസ് പറഞ്ഞു.
നവകേരള സദസിന്റെ ഭാഗമാകാന്‍ നാളെ മുഖ്യമന്ത്രിയും മന്ത്രിമാരും കാസര്‍ഗോഡെത്തും.
സദസ് തുടങ്ങുന്നതോടെ സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായി പ്രത്യേകം തയാറാക്കിയ ബസ് മാറും. നയപരവും ഭരണപരവുമായ തീരുമാനങ്ങള്‍ സഞ്ചരിച്ചു കൊണ്ടായിരിക്കും കൈക്കൊളളുക.
Content Highlights: K Sudhakaran against ‘Nava Kerala Sadas’